"മൂന്ന്..........."
'അങ്ങോട്ടു മാറി നിന്നൂടെ പൂച്ചേന്ന്' ശാരദേടത്തി പൂച്ചയെ കോലായിലേക്ക് തൊഴിച്ചിട്ടു. അതാകട്ടെ ഒരു പരാതിയും ഇല്ലാതെ വീണേടത്തു കിടന്നുകൊണ്ട് നാക്കു നീട്ടി നക്കി കൊണ്ടിരുന്നു. എന്തു തിന്നിട്ടാണീ പൂച്ച ഇങ്ങനെ നാക്കു നക്കുന്നതെന്നു ശാരദേടത്തി പണ്ടൊക്കെ അത്ഭുതപ്പെടാറുണ്ടായിരുന്നു. പണ്ടെന്നു പറഞ്ഞാല്‍ വളരെ പണ്ട്, നാരായണേട്ടന്‍ ശാരദേടത്തിയെ കല്യാണം കഴിച്ചു കൊണ്ടുവന്ന കാലത്ത്. അന്നു പൂച്ച ഇതല്ല, ഇതിന്റെ തള്ളേന്റെ തള്ളേന്റെ തള്ളയോ മറ്റോ ആണ്. പക്ഷെ പൂച്ച എല്ലാം ഒന്നു തന്നെ, ചത്തു ചത്തു ജനിക്കുന്നൂന്ന് മാത്രം. അതിന്റെ തള്ളേന്റെ തള്ളേന്റെ കാലത്തെ ഓര്‍മകളൊക്കെ അതിനുണ്ട്.
കറുകറുത്ത മീന്‍ചട്ടിയിലേക്ക് മത്തി ഊര്‍ത്തിയിട്ടിട്ട് ശാരദേടത്തി കടലാസ് പറമ്പിലേക്ക് എറിഞ്ഞൂ. പൂച്ചയവിടുണ്ട്, ശാരദേടത്തിയുടെ ഊക്കും നോക്കും ഒക്കെ പൂച്ചക്കറിയാം. കടലാസ് കടുകിടമാറാതെ പൂച്ചയുടെ മുന്നില്‍.
"പത്തുറുപ്പികക്ക് നാലുമത്തി....."
പണ്ടൊക്കെ രണ്ടുറുപ്പികക്കാണു പുരയില്‍ മത്തി വാങ്ങിക്കാറ്. 'മത്തി വാരി വാരി' എന്നാണ് മീന്‍കാര്‍ അന്നൊക്കെ പറയാറുതന്നെ. ചില മഴക്കാലത്തൊക്കെ തോനെ ഉണ്ടായിട്ട് ചിലപ്പോള്‍ ഒന്നരാടമൊക്കയേ മത്തി വങ്ങാറുതന്നെ ഉണ്ടായിരുന്നുള്ളൂ. അന്നൊക്കെ ഈ പൂച്ച മീന്‍കുടലൊന്നും തിന്നൂലാരുന്നു.
കഷണിച്ച മത്തി അടുപ്പത്ത് വച്ച് പുളി പിഴിഞ്ഞൊഴിച്ചിട്ട്, പുളിച്ചണ്ടി ശാരദേടത്തി പറമ്പിലേക്ക് എറിഞ്ഞു.
പൂച്ച അനങ്ങിയില്ല. അതു പുളിച്ചണ്ടിയാണെന്ന് അതിനറിയാം.
പണ്ടൊക്കെ ഇങ്ങനെ പുളിയെറിയുമ്പം ഓടിപ്പോയി നോക്കാറുണ്ടായിരുന്നൂ, പൂച്ച. പണ്ടെന്നു വച്ചാ പണ്ട് നാരാണേട്ടന്‍ പൂച്ചയെ സഞ്ചീലിട്ട് കൊണ്ടുവന്നകാലത്ത്. അന്നീ നാരാണേട്ടനും ശാരദേടത്തിയും അല്ല. അവരുടെ തള്ളേന്റെ തള്ളേന്റെ തള്ളയോ മറ്റോ ആണ്. പക്ഷെ എല്ലാം ഒന്നു തന്നെ, ചത്തു ചത്തു ജനിക്കുന്നൂന്ന് മാത്രം.
കനലിളക്കിയിട്ട്, ഒരു മട്ടലുകഷണം കൂടി അടുപ്പിലേയ്ക്കു തള്ളി വച്ച്, രണ്ട് ഊത്തും കൂടി ഊതി ശാരദേടത്തി പുറത്തേക്കിറങ്ങി. മത്തി വേകുമ്പം അടുപ്പുകെട്ടോളും, അതടുപ്പിനറിയാം.
പൂച്ച അപ്പോളെക്കും ചകിരികുണ്ടക്കടുത്ത് സ്ഥാനം പിടിച്ചിട്ടുണ്ട്. ശാരദേടത്തി ചൂടി പിരിക്കുമ്പം ചന്തി ചാരി പൂച്ച അങ്ങനെ ഇരിക്കും. പൂച്ചക്കു വല്യസുഖമുണ്ടായിട്ടൊന്നുമല്ല, ശാരദേടത്തിക്കൊരു സുഖമല്ലേന്നിരിക്കുന്നു പൂച്ച.
ആദ്യമൊക്കെ തൊണ്ടു തല്ലിയാണ് ശാരദേടത്തി ചകിരി ഉണ്ടാക്കിയിരുന്നത്, പറമ്പീന്നും അയല്‍പക്കത്തുനിന്നുമൊക്കെ വലിക്കുന്ന തേങ്ങയുടെ തൊണ്ടു കിട്ടുമായിരുന്നു. പറമ്പിലെ തെങ്ങൊക്കെ മണ്ടവീണുപോയി. അയല്‍പക്കക്കാരൊക്കെ പൊതിച്ചതേങ്ങ പീടികേന്നു വാങ്ങും. ഇപ്പം ഒരു കൊണ്ടോട്ടിക്കാരന്‍ മാപ്പളയുടെ കയ്യീന്നാണ് ചകിരി വാങ്ങുന്നത്. മാസത്തിലൊരിക്കല്‍ ഓട്ടോറിക്ഷയില് ചേരിക്കുണ്ട ഇറക്കീട്ടുപോകും. പിന്നെ ഓനു തോന്നുമ്പം വരും ചൂടി മേടിക്കാന്‍. ഓനാനെങ്കില്‍ തോനെ വേണ്ടാ താനും, ചിലവാവൂലാന്ന് പറഞ്ഞിട്ട് ചിലപ്പം പാതി വെച്ചിട്ടും പോകും.
ശാരദേടത്തി പഴയ രണ്ടു വസ്തിയില്‍ ചോറും കൂട്ടാനും മേശപ്പുറത്തെത്തിക്കുമ്പോഴേക്കും കാലിളകുന്ന മേശക്കീഴില്‍ പൂച്ച സ്ഥാനം പിടിച്ചു. ശാരദേടത്തിയെ ചൂടി പിരിക്കാന്‍ വിട്ടേച്ച് പൂച്ച കൂട്ടാന്റെ വയറിനെ കാത്തിരുന്നു. "ഈ മീന്‍കൂട്ടാന്‍ മാത്രമേ ഉള്ളൂ?, എനിക്ക്വേണ്ട ചോറ്" എന്നു കോപിച്ച ശബ്ദം പടിയിറങ്ങുന്നത് വരെ.
ദേഷ്യമോ വിഷമമോ ഒക്കെ വന്നെങ്കിലും ശാരദേടത്തി ഒന്നും മിണ്ടാതെ വസ്തികളും എടുത്തു അടുക്കളയിലേക്കു നടക്കുമ്പോള്‍, പൂച്ച മുതുകുവളച്ച് തയാറായി ശാരദേടത്തിയുടെ വഴിയില്‍ നിന്നു.
"നാല്..........."
2008, ഡിസംബർ 30, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)