2009, മാർച്ച് 4, ബുധനാഴ്‌ച

സ്വപ്നാടനങ്ങള്‍

"വിഡ്ഢിത്തം പറയാതിരിക്കൂ മഹേഷ്.., നിങ്ങള്‍ക്കു ഭ്രാന്താണ്."

ഞാന്‍ അലറുകയായിരുന്നു. ഉച്ചത്തിലുള്ള എന്റെ വാക്കുകള്‍ കേട്ട് അയാള്‍ യാഥാര്‍ത്ഥ്യത്തിലേക്കു തിരിച്ചു വരുമെന്ന് ഞാന്‍ വ്യാമോഹിച്ചു. സത്യത്തില്‍ ഞാന്‍ വളരെ ഭയപ്പെട്ടു പോയിരുന്നു. എന്റെ കൈവിരലുകളെ ഭയം തണുപ്പിക്കുന്നത് ഞാന്‍ തിരിച്ചറിഞ്ഞു. പക്ഷേ അയാളുടെ മുഖം ശാന്തമായിരുന്നു. ചിരിക്കാതെ, കരയാതെ ഒരു ശവത്തെപ്പോലെ ശാന്തം. അതുതന്നെ ആയിരുന്നു എന്നെ ഭയപ്പെടുത്തിയതും. തിരിഞ്ഞോടുവാന്‍ എന്റെ മനസ്സ് ആവര്‍ത്തിച്ചാവര്‍ത്തിച്ച് എന്നോട് പറഞ്ഞുകൊണ്ടിരുന്നുവെങ്കിലും ശരീരം അതനുസരിക്കുന്നുണ്ടായിരുന്നില്ല.

ആശുപത്രിയുടെ പത്താമത്തെ നിലയിലെ കോറിഡോറില്‍ മഹേഷിനൊപ്പം നില്‍ക്കുകയായിരുന്നു ഞാന്‍. കോറിഡോറിന്റെ ഒരറ്റത്തെ ചില്ലു ജനാല പകുതി തുറന്ന് അതിനടുത്തു നില്‍ക്കുകയായിരുന്നു മഹേഷ്. വെളുവെളുത്ത ടൈലുകളൊട്ടിച്ച ആ കോറിഡോറിന്റെ മറ്റേ അറ്റം ഒരു സ്വപ്നത്തിലെന്ന പോലെ അനന്തതയിലേക്കു നീണ്ടു കിടക്കുന്നതായി തോന്നി. അയാളുടെ മുഖത്തേക്കു നോക്കാനാകാതെ ഞാന്‍ ആ അനന്തതയിലേക്ക് നോക്കികൊണ്ട് നിന്നു. ആ വരാന്തയില്‍ നിന്നു തുറക്കുന്ന എതോ ഒരു മുറിക്കുള്ളില്‍ മഹേഷിന്റെ ഭാര്യയുണ്ടായിരുന്നു. അവരെ കാണുവാനായി അവിടെ വരാന്‍ തീരുമാനിച്ച സമയത്തെ ഞാന്‍ ശപിച്ചുകൊണ്ടിരുന്നു.

എന്റെ വാക്കുകളേയും മുഖഭാവത്തേയും തെല്ലും കാര്യമാക്കതെ അയാള്‍ പിന്നേയും ശാന്തമായ സ്വരത്തില്‍ പറയാന്‍ തുടങ്ങി.

"നോക്കൂ, നിങ്ങളോട് ഇതു പറയേണ്ട കാര്യമില്ല എന്നെനിക്ക് നന്നായിട്ട് അറിയാം, ഒന്നും പറയാതെതന്നെ നിങ്ങളിതു ചെയ്യുമെന്നും. പക്ഷെ ഞാനിതുവരെ ഇതാരോടും പറഞ്ഞിട്ടില്ലാത്തതു കൊണ്ട് നിങ്ങളോടെങ്കിലും എനിക്ക് ഇതിനി പറയാതെ വയ്യല്ലോ."

എന്റെ പ്രതികരണത്തിനു കാത്തുനില്‍ക്കാതെ ചില്ലു ജനാലയിലൂടെ താഴേക്കു നോക്കികൊണ്ട് അയാള്‍ പറഞ്ഞുകൊണ്ടിരുന്നു.

പാര്‍ക്കിലോ ബീച്ചിലോ ഒരപരിചതനെ കണ്ടുമുട്ടുമ്പോള്‍, ആയാളെ മുന്പെവിടെയോ കണ്ടിട്ടുണ്ടെന്ന് ഒരിക്കലെങ്കിലും നിങ്ങള്‍ക്കു തോന്നിയിട്ടുണ്ടോ?

ഒരിക്കലും പോയിട്ടില്ലാത്ത ഒരു നഗരത്തിലെ വഴികളിലൂടെ നടക്കുമ്പോള്‍, ഞാന്‍ ഇതുവഴി മുന്പു വന്നിട്ടുണ്ടല്ലോ എന്നു നിങ്ങള്‍ക്കു എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?

എന്തെങ്കിലും ഒരു പ്രത്യേക പ്രവൃത്തിയിലേര്‍പ്പെടുമ്പോള്‍, ഞാന്‍ ഇങ്ങനെ മുന്‍പു ചെയ്തിട്ടുണ്ടല്ലോ എന്ന് നിങ്ങള്‍ക്ക് തോന്നിയിട്ടേ ഇല്ല?

തോന്നാഞ്ഞിട്ടല്ല, നിങ്ങള്‍ ഓര്‍മിക്കുന്നുണ്ടാവില്ല. ഞാനും ഓര്‍മിച്ചിരുന്നില്ല. എന്റെ പഴയ ഡയറിത്താളില്‍ ഇത്തരമൊന്ന് ഞാന്‍ ചികഞ്ഞെടുക്കുന്നതു വരെ.

ഒന്നാം വര്‍ഷ എന്‍ജിനീയറിങ്ങിനു പഠിക്കുമ്പോഴാണ്‌ ഞാന്‍ ഒരു പെണ്‍കുട്ടിയെ ആദ്യമായി ചുംബിക്കുന്നത്. ബാഗ്ലൂര്‍ക്കുള്ള ഒരു പഠനയാത്ര കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു അത്. ബാഗ്ലൂരില്‍ ഉണ്ടായിരുന്ന രണ്ടു നാളുകള്‍കൊണ്ടു തന്നെ ഞാനും അവളും നല്ല സുഹൃത്തുക്കളായി കഴിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ മടക്കയാത്രയില്‍ എന്റെകൂടെ ഒരേ സീറ്റിലിരിക്കാമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവള്‍ എതിര്‍ത്തില്ല. ബസ്സില്‍ മധുരമായ ഏതോ ഒരു ഹിന്ദി പ്രണയചിത്രമായിരുന്നു. ഞങ്ങള്‍ കൈകോര്‍ത്തിരുന്നു അതു കണ്ടു. ഇടക്കെപ്പോഴോ ഒരു മുന്നറിയിപ്പുമില്ലാതെ ഞാന്‍ അവളുടെ ചുണ്ടുകളില്‍ അമര്‍ത്തി ചുംബിച്ചു. തരിമ്പും നാണിക്കാതെ അവളും എന്റെ കഴുത്തിലൂടെ കൈ ചുറ്റിപ്പിടിച്ച് എന്നെ ദീര്‍ഘനേരം ചുംബിച്ചു.

നിങ്ങള്‍ എന്നെ വിശ്വസിക്കുമോ എന്നറിയില്ല, അതിനു കൃത്യം രണ്ടു വര്‍ഷം മുന്‍പുള്ള എന്റെ ഡയറിയില്‍ അതേ ദിവസത്തിന്റെ താളില്‍ ഞാന്‍ ഇങ്ങനെ എഴുതിയിരുന്നു.

" ഇന്നു ഞാന്‍ ഒരു സ്വപ്നം കണ്ടു, വ്യക്തമായി ഓര്‍മയില്ലെങ്കിലും നേര്‍ത്ത കുളിരും, ചൂടുള്ള ശ്വാസവും ഞാനിപ്പോഴും ഓര്‍മിക്കുന്നു. അതെ അവള്‍ എന്നെ ചുംബിക്കുകയായിരുന്നു. "

അന്നു മുതലാണ്‌ ഞാന്‍ സ്വപ്നങ്ങള്‍ എന്റെ ഡയറിയില്‍ സ്ഥിരമായി എഴുതാന്‍ തുടങ്ങിയത്. പ്രഭാതങ്ങളില്‍ അലിഞ്ഞില്ലാതാകുന്ന സ്വപ്നങ്ങളുടെ ഓര്‍മ്മപ്പാളികള്‍ ഞാന്‍ ഡയറിയിലേക്ക് പതിച്ചു വച്ചു. ഉറക്കം വിട്ടെഴുനേല്‍ക്കുമ്പോള്‍ മനസ്സില്‍ നിന്നു പതുക്കെ മാഞ്ഞുപോകുന്ന ചില ഫ്രെയ്മുകള്‍ മാത്രമായിരുന്നു അവ. നിങ്ങള്‍ എന്നെ നുണയനെന്നു വിളിച്ചുകൊള്ളൂ, പക്ഷെ അവയെല്ലാം ഒരു പ്രത്യേക പാറ്റേണില്‍ എന്റെ ജീവിതത്തില്‍ സംഭവിക്കുന്നതായി ഞാനറിഞ്ഞു.

ആദ്യമൊക്കെ വലിയ എക്സൈറ്റ്മെന്റായിരുന്നു എനിക്ക്. ഒന്നാലോചിച്ചു നോക്കൂ, എന്റെ ഇരുപത്തി ഒന്നാമത്തെ പിറന്നാളിന്‌ അച്ഛന്‍ എനിക്ക് സര്‍പ്രൈസ് ഗിഫ്റ്റായി ഒരു മോട്ടര്‍ബൈക്ക് തരുമെന്ന് എനിക്ക് മുന്‍പേ അറിയാമായിരുന്നു. അന്നു രാവിലെ മുതല്‍ അച്ഛന്‍ ബൈക്കുമായെത്തുന്നത് കാത്ത് ഉമ്മറപ്പടിയിലിരുന്നത് എനിക്കിപ്പോഴും ഓര്‍മയുണ്ട്. അങ്ങനെ ഒരുപാട്. ചേച്ചിയുടെ കല്യാണം, കുട്ടി ഞങ്ങളുടെ പുതിയ വീട് അങ്ങനെ പലതും. പക്ഷെ വൈകാതെ എനിക്കതു മടുപ്പായി തുടങ്ങി, അധികം വൈകാതെ അതൊരു ശാപമാണെന്നും ഞാന്‍ മനസ്സിലാക്കി. എന്നാലും സ്വപ്നങ്ങള്‍ എഴുതാതിരിക്കാന്‍ എനിക്കു കഴിയുമായിരുന്നില്ല.

നിങ്ങള്‍ക്കറിയുമോ? എന്റെ അമ്മയുടെ മരണത്തിന്‌ ഒരു കൊല്ലത്തോളമാണ്‌ ഞാന്‍ കാവലിരുന്നത്. അമ്മയുടെ മരണം സ്വപ്നം കണ്ട ദിവസം ഞാനൊരുപാടു കരഞ്ഞു. അന്നാണ്‌ തൂക്കുമരം കാത്തുകിടക്കുന്ന ഒരു തടവുപുള്ളിയേപ്പോലെയാണ്‌ ഞാന്‍ എന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. നല്ലതോ ചീത്തയോ, അനിവാര്യമായ വിധി എനിക്കെപ്പോഴും അറിയാമായിരുന്നു അത് ഏതുവഴി വരുമെന്ന് ഒരു ഊഹവുമില്ലാതെ ദുര്‍ബലനും നിസ്സഹായനുമായി ഞാന്‍ കാത്തിരിക്കുകയായിരുന്നു. ചിലപ്പോള്‍ സന്തോഷിച്ചും ചിലപ്പോള്‍ അതിലേറെ ദുഖിച്ചും.

കോണിപ്പടിയില്‍ നിന്നുവീണാണ്‌ അമ്മ മരിച്ചത്. അന്നു ഞാന്‍ ഓഫീസില്‍ പോയിരുന്നു, ഓഫീസില്‍ ഞാന്‍ രാവിലെ മുതല്‍ അമ്മയുടെ മരണവാര്‍ത്തയുടെ ഫോണിനായിക്കാത്തിരുന്നു. ഒരു പക്ഷെ വീട്ടില്‍ ഞാന്‍ കൂടെ ഉണ്ടായിരുന്നുവെങ്കില്‍ അമ്മ മരിക്കില്ലായിരുന്നുവോ എന്നു ഞാന്‍ ചിന്തിച്ചിട്ടുണ്ട്. പക്ഷേ അങ്ങനെ ചിന്തിക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ, അങ്ങനെയാണെങ്കില്‍ ഞാന്‍ കണ്ടതൊക്കെ തെറ്റാകുമായിരുന്നില്ലേ? അങ്ങനെ ആകാന്‍ കഴിയില്ലല്ലോ.

പിന്നീടൊരുപാടുകാലം സ്വപ്നങ്ങള്‍ എന്നെ വല്ലാതെ ദുഖിപ്പിച്ചില്ല. ജോലിയും വിവാഹവുമൊക്കെയായി ഞാനും ജീവിതത്തിന്റെ തിരക്കുകളിലേക്ക് ഊളിയിട്ടു. പിന്നീടെപ്പോഴോ കഴിഞ്ഞ വര്‍ഷങ്ങളില്‍ കാണുന്ന സ്വപ്നങ്ങള്‍ മുഴുവന്‍ എന്റെ ഭാര്യയെക്കുറിച്ചു മാത്രമായപ്പോഴും ഞാനതത്ര കാര്യമായി എടുത്തില്ല. എന്റെ സ്വപ്നങ്ങളിലേക്ക് നിങ്ങള്‍ കടന്നു വരുന്നതു വരെ.

നിങ്ങള്‍ക്കു മറക്കാനാകില്ലെന്ന് എനിക്കറിയാം, മാപ്പും തരാനാകില്ല. അന്നു നിങ്ങളുടെ കമ്പനി പാര്‍ട്ടിയില്‍ വച്ചു ഞാന്‍ നിങ്ങളെ കാരണമില്ലാതെ തല്ലി. നിങ്ങള്‍ എന്നെ ആദ്യമായി കാണുകയായിരുന്നു. പക്ഷെ ഞാന്‍ ആയിടെ കണ്ടുകൊണ്ടിരുന്ന സ്വപ്നങ്ങളൊക്കെ നിങ്ങളെക്കുറിച്ചായിരുന്നു. നിങ്ങളും എന്റെ ഭാര്യയും കൂടെ വേഴ്ചയിലേര്‍പ്പെടുന്നതു ഞാന്‍ കണ്ടു, പലവട്ടം. എന്റെ കൂടെ ഒരിക്കല്‍പോലും അവളത്ര ഉന്മത്തയായി ഞാന്‍ കണ്ടിട്ടില്ല. തെറ്റെന്റേതാണ്, നിങ്ങളെ അന്ന് ആദ്യമായി കണ്ടപ്പോള്‍, നിങ്ങള്‍ രണ്ടുപേരും ഒരേ ഓഫീസിലാണെന്ന് അറിഞ്ഞപ്പോള്‍, എനിക്കെന്നെ നിയന്ത്രിക്കാനായില്ല.

പക്ഷെ അതു മാത്രമായിരുന്നില്ല എന്റെ തെറ്റ്. അക്കാലം മുതല്‍ ഇന്നുവരെ ഞാന്‍ കാണുന്ന സ്വപ്നങ്ങള്‍ നിങ്ങളെക്കുറിച്ച് മാത്രമായതിന്റെ പൊരുള്‍ എനിക്കു മനസ്സിലായത് വളരെ വൈകിയാണ്. അവളുടെ കാഴ്ചശക്തി പതുക്കെ നഷ്ടപ്പെടുകയാണെന്ന് ഡോക്ടര്‍ പറഞ്ഞ അന്ന്, ഞാന്‍ ഈയ്യിടെ കാണുന്ന സ്വപ്നങ്ങള്‍ മുഴുവന്‍ അവളുടേതാണെന്ന് മനസ്സിലാക്കിയ അന്ന് ഞാനൊത്തിരി കരഞ്ഞു. അന്ന് കാലങ്ങള്‍ക്കു ശേഷം ഞാന്‍ എന്റെ ഡയറികള്‍ വായിച്ചു. അതിലുണ്ടായിരുന്നു സുഹൃത്തേ, എനിക്കു മരിക്കേണ്ട ദിവസം, എന്റെ കണ്ണുകള്‍കൊണ്ട് ഞാനവള്‍ക്കു കാഴ്ച തിരികെ കൊടുക്കുന്ന ദിവസം.

ഞാന്‍ ഒന്നു പറഞ്ഞോട്ടെ, എനിക്കസൂയയാണ്‌ നിങ്ങളെ. എനിക്കറിയാം നിങ്ങള്‍ക്ക് അവളെ ഇഷ്ടമാണ്, അങ്ങനെ ആയല്ലേ പറ്റൂ??

സത്യം പറഞ്ഞാല്‍ നിങ്ങളെ ഞാന്‍ കാത്തിരിക്കുകയായിരുന്നു. നിങ്ങള്‍ വരുമെന്നെനിക്കറിയാമായിരുന്നു. ഈ ജനാലയിലൂടെ ഒരു അപ്പൂപ്പന്‍താടി പോലെ പറക്കുന്ന എന്നെ ഞാന്‍ കണ്ടിട്ടുണ്ട്. എനിക്കു പകരം നിങ്ങളെ ഇതിലൂടെ പറത്തിവിട്ട് അവള്‍ക്കു കാഴ്ച സമ്പാദിച്ചു കൊടുക്കാന്‍ എനിക്കൊരു പക്ഷെ കഴിഞ്ഞേക്കും.

പക്ഷേ അങ്ങനെ ചിന്തിക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ, അങ്ങനെയാണെങ്കില്‍ ഞാന്‍ കണ്ടതൊക്കെ തെറ്റാകുമായിരുന്നില്ലേ? അങ്ങനെ ആകാന്‍ കഴിയില്ലല്ലോ?

അതാണ്‌ ഞാന്‍ പറയുന്നത്, നിങ്ങളാണ്‌ അതു ചെയ്യേണ്ടത്.
അതെ, ഈ ജനാലയിലൂടെ എന്നെ പുറത്തേക്ക് എറിയേണ്ടത് നിങ്ങള്‍ തന്നെയാണ്.

2009, ഫെബ്രുവരി 16, തിങ്കളാഴ്‌ച

ശാന്തി

ആല്‍ത്തറ: ശാന്തി

അടുത്തിടെ ആല്‍ത്തറയില്‍ എഴുതിയ ഒരു അനുഭവക്കുറിപ്പിന്റെ ലിങ്ക് ഒരു അക്കൌണ്ടബിലിറ്റിക്കായി ഇവിടെ ചേര്‍ക്കുന്നു. വായിച്ചവര്‍ സദയം ക്ഷമിക്കുക.

2009, ഫെബ്രുവരി 2, തിങ്കളാഴ്‌ച

കാമം

കുറുകെക്കെട്ടിയ ചൂടിക്കയറില്‍ തൂങ്ങുന്ന വിയര്‍പ്പുനാറ്റങ്ങള്‍ക്ക് കീഴെ ചെറുമനെയും കാത്ത് ചെറുമിയിരുന്നു. ചെറുമക്കുടിയുടെ മണ്‍ചുമരും ചാരിയുള്ള കാത്തിരിപ്പില്‍ മുകളില്‍ തൂങ്ങുന്ന കുട്ടിത്തോര്‍ത്തിന്റെ ഗന്ധങ്ങളിലൂടെ ചെറുമി ചെറുമനെ അറിയാന്‍ ശ്രമിക്കയായിരുന്നു. അതില്‍നിന്നിറങ്ങിവന്ന ഗന്ധങ്ങളോരോന്നും ചെറുമനെപറ്റി ഒന്നൊന്ന് അവളോടു പറഞ്ഞുകൊടുത്തു. അയാള്‍ പോയ വഴികളെപറ്റി, കൂടിയ ചെങ്ങാത്തങ്ങളെപറ്റി, കുളിച്ച കുളങ്ങളെപറ്റി, അങ്ങനെ ഓരോന്നും. ഒടുക്കം തോര്‍ത്തിന്റെ അവിടവിടെയുള്ള ദ്വാരങ്ങളിലൂടെ ചെറുമന്റെ പുരുഷഗന്ധം താഴേക്കിഴഞ്ഞുവന്നു. മുലക്കച്ചയുടെ മുകളിലൂടെയും ഒറ്റമുണ്ടിന്റെ വിടവിലൂടെയും തന്റെ രഹസ്യങ്ങളിലേക്ക് അത് നുഴഞ്ഞു കയറിയിട്ടെന്ന പോലെ ചെറുമി ഇക്കിളിപ്പെട്ടു, എന്നിട്ട് പനമ്പായയുടെ അറ്റത്തുകിടന്നിരുന്ന പഴയ തലയണയെനോക്കി ചിരിച്ചു. ചെറുമന്റെ വായില്‍നിന്നൊലിച്ചിറങ്ങിയ കീലപ്പൊട്ടുകള്‍ നിറഞ്ഞ തലയണയുണ്ടാക്കിയ അറപ്പും വെറുപ്പും എവിടെപ്പോയെന്ന് ചെറുമി ഒട്ടും അത്ഭുതപ്പെട്ടില്ല. പകരം ഒരു കിടാവിനെപ്പോലെ കീലയൊലിപ്പിച്ച് ഉറങ്ങുന്ന ചെറുമനായിരുന്നു അവളുടെ മനസ്സില്‍.

കഴിഞ്ഞ പുഞ്ചക്ക് ഞാറു നടാന്‍വന്ന ചെറുമിയുടെ തള്ള കണ്ടതാണയാളെ. ഞാറുനടുന്നതിന്റെ താഴേക്കണ്ടം ഉഴുതുമറിക്കുന്ന പേശീബലത്തെ അവരങ്ങനെ നോക്കിനിന്നു. മടതുറന്ന് വെള്ളം നിറച്ച കണ്ടത്തില്‍ രണ്ടു മൂരിക്കുട്ടന്മാരോടൊപ്പം ചെറുമനങ്ങനെ തിമര്‍ക്കുന്നത് അവരുമാത്രമല്ല കൊയ്ത്തിനിറങ്ങിയ ചെറുമികളത്രയും നോക്കിനില്‍ക്കുന്നുണ്ടായിരുന്നു. ഉഴവുപലകമേല്‍ നിന്ന് ചാഞ്ഞും ചരിഞ്ഞും കണ്ടം പൂട്ടിയ ചെറുമനോടൊപ്പം ഞാറുനടുന്ന ചെറുമികള്‍ ചാഞ്ഞും ചരിഞ്ഞും കൊണ്ടിരുന്നു. തൂങ്ങിയ മുലകളുള്ള മൂത്തചെറുമിമാര്‍ അന്ന്‌ ചെറുമക്കരുത്തിനെപറ്റിയുള്ള പഴയപാട്ടുകള്‍ ഓര്‍മ ചികഞ്ഞെടുത്ത്‌ പാടി. അത്‌ കേട്ട് വാല്യക്കാരുചെറുമികള്‍ നാണിച്ചു ചിരിച്ചു.

അയാളാകട്ടെ ഇതൊന്നുമറിയാതെ മൂരികളോടൊപ്പം കണ്ടത്തില്‍ മദിക്കുകയായിരുന്നു. അയാളങ്ങനെയാണ്, മൂരികളോടൊപ്പം കണ്ടത്തിലിറങ്ങിയാല്‍ പിന്നെ ഒന്നും കാണുകയോ കേള്‍ക്കുകയോ ഇല്ല. അത്രക്കു ശ്രദ്ധയാണ്‌ ചെറുമന്‌, അതിനയാള്‍ ഉഴുവുകയല്ല, അറിയുകയാണ്, മൂരികളേയും മണ്ണിനേയും, അവരുടെ ഓരോ താളത്തേയും കിതപ്പിനേയും.

വരിയുടച്ച മൂരികള്‍ കാമിക്കുന്നതും ഭോഗിക്കുന്നതും കണ്ടത്തെയാണ്. അവറ്റകളുടെ കരുത്തുറ്റ കാലുകള്‍ കണ്ടത്തെ തൊടുന്ന നിമിഷം തന്നെ മണ്ണിന്റെ കുളിരും ഇക്കിളികളും ചെറുമനു കേള്‍ക്കാം. പിന്നെ ആര്‍ത്തിയോടെ ഉള്ള ഒരു പ്രാപിക്കലാണ്, കുതിച്ചും കിതച്ചും കണ്ടത്തിന്റെ ഓരോ ഇഞ്ചിലും മൂരിയുടെ കാലുകള്‍ പതിക്കുന്നു. ഉയര്‍ന്നും, താഴ്ന്നും, ഇളകിയും കണ്ടം മൂരിക്കുപാകത്തിനു നിന്നുകൊടുക്കുന്നു. ഒടുക്കം ഓരോ രോമകൂപങ്ങളിലൂടെയും മൂരി കണ്ടത്തിലേക്ക് സ്ഖലനം ചെയ്യുന്നതുവരെ ഒരു കൂട്ടികൊടുപ്പുകാരനെപ്പോലെ, കണ്ടത്തിന്റെ നഗ്നത കണ്ടില്ലെന്നു നടിച്ച്, എന്നാല്‍ എല്ലാമറിഞ്ഞ്‌ ചെറുമനും കൂടെ നടക്കും. കണ്ടത്തിന്റെ ഓരോ കിതപ്പിന്റെയും മനസ്സറിഞ്ഞ്, അതിനോക്കം കലപ്പ താഴ്ത്തിയും തലോടിയും, കണ്ടം മതിയെന്നു പറയുംവരെ.

അങ്ങനെയുള്ള ചെറുമനോടാണ്‌ ചെറുമിതള്ള കല്യാണക്കാര്യം പറഞ്ഞയക്കുന്നത്‌. പിറ്റേന്നുതന്നെ എണ്ണതേച്ച്‌ കുളിച്ച്‌, മുടി പറ്റിച്ചീകി, വെള്ളമുണ്ടുമുടുത്ത്‌ ചെറുമന്‍ വന്നു പെണ്ണുകണ്ടു. തലയും മുലയുമുയര്‍ത്തി ചെറുമനു കാണാനായി നിന്നുകൊടുത്ത ചെറുമിയെ അയാള്‍ കണ്ണുകൊണ്ട് ഉഴുതുമറിച്ചു. ഇക്കിളിപ്പെടാതിരിക്കാന്‍ ചെറുമിയാകട്ടെ കണ്ണടച്ച് കീഴ്ച്ചുണ്ടുകടിച്ചു നിന്നു. കണ്ണടച്ചിരുന്ന ചെറുമിയും, ചെറുമിയെ നോക്കിക്കൊണ്ടിരുന്ന ചെറുമനുമറിഞ്ഞില്ലെങ്കിലും നേരം അതിന്റെ സമയത്തിനിരുട്ടി. കാത്തുകാത്തിരുന്ന്‌ ഫലമില്ലെന്നായ തള്ളച്ചെറുമി മുരടനക്കിയപ്പോഴാണ്‌ ചെറുമന്‌ പോകണമെന്ന കാര്യം ഓര്‍മ്മ വന്നതു തന്നെ.

മൂന്നിന്റന്ന്‌ വിവരം പറഞ്ഞറിയിക്കാമെന്ന തള്ളച്ചെറുമിയുടെ വാക്കിന്‍ പുറത്ത് കുടിയിലേക്കയാള്‍ മടങ്ങിയില്ല. തിന്നാനും കുടിക്കാനുമില്ലാതെയിരിക്കുന്ന മൂരിക്കുട്ടന്‍മാരെയും ഓര്‍ത്തില്ല. പകരം പനങ്കള്ള്‌ വാങ്ങിക്കുടിച്ച് കൂട്ടും കൂടി ചെറുമിക്കുടിക്കു ചുറ്റും ചുറ്റിനടന്നു. ഒറ്റക്കിരുന്ന് ചെറുമിയുടെ അരയും മുലയും സ്വപ്നം കണ്ടു. കാലത്ത് ചെറുമി കുളിക്കുന്ന തോട്ടിനു ചുറ്റും പാത്തു നടന്നു.

പെണ്ണുകാണാന്‍ പോയ ചെറുമന്‍ മൂന്നാംനാള്‍ വൈകിട്ടു കുടിയില്‍ വന്നു കയറുന്നത്‌ ചെറുമിയുമായാണ്. കുടിയുടെ സ്വകാര്യതയിലെത്തിയപാടെ അവളെ പനമ്പായയിലേക്ക് മറിച്ചിട്ട ചെറുമനെ അവള്‍ തെരുതെരെ ഉമ്മവച്ചു. ചേലയുടെ മറവില്ലാതെ ചെറുമന്‍ ചെറുമിയെ കണ്ടു, അവളുടെ ചൂടറിഞ്ഞു. ചെറുമിയുടെ തുടയും മുലയും തഴുകിയപ്പോള്‍ ചെറുമനു മദപ്പാടുണ്ടായി. മദപ്പാടിന്റെ തിരിച്ചറിവില്‍ പിണഞ്ഞിരുന്ന ചെറുമിയുടെ കാലുകള്‍ കുടഞ്ഞെറിഞ്ഞ് കലപ്പയുമായി ചെറുമന്‍ കണ്ടത്തിലേക്ക്‌ പാഞ്ഞപ്പോള്‍ കുടിയില്‍ ചെറുമിയും ചെറുമന്റെ ഗന്ധങ്ങളും തനിച്ചായി.

വരിയുടക്കപ്പെടുന്നത്‌ ഉഴവുമാടുമാത്രമല്ല ഉഴവനും കൂടിയാണെന്ന തിരിച്ചറിവില്‍ നിലവിളിക്കുകയായിരുന്നു ചെറുമനന്നേരം.