സാഹിത്യം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സാഹിത്യം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2009 ഫെബ്രുവരി 2, തിങ്കളാഴ്‌ച

കാമം

കുറുകെക്കെട്ടിയ ചൂടിക്കയറില്‍ തൂങ്ങുന്ന വിയര്‍പ്പുനാറ്റങ്ങള്‍ക്ക് കീഴെ ചെറുമനെയും കാത്ത് ചെറുമിയിരുന്നു. ചെറുമക്കുടിയുടെ മണ്‍ചുമരും ചാരിയുള്ള കാത്തിരിപ്പില്‍ മുകളില്‍ തൂങ്ങുന്ന കുട്ടിത്തോര്‍ത്തിന്റെ ഗന്ധങ്ങളിലൂടെ ചെറുമി ചെറുമനെ അറിയാന്‍ ശ്രമിക്കയായിരുന്നു. അതില്‍നിന്നിറങ്ങിവന്ന ഗന്ധങ്ങളോരോന്നും ചെറുമനെപറ്റി ഒന്നൊന്ന് അവളോടു പറഞ്ഞുകൊടുത്തു. അയാള്‍ പോയ വഴികളെപറ്റി, കൂടിയ ചെങ്ങാത്തങ്ങളെപറ്റി, കുളിച്ച കുളങ്ങളെപറ്റി, അങ്ങനെ ഓരോന്നും. ഒടുക്കം തോര്‍ത്തിന്റെ അവിടവിടെയുള്ള ദ്വാരങ്ങളിലൂടെ ചെറുമന്റെ പുരുഷഗന്ധം താഴേക്കിഴഞ്ഞുവന്നു. മുലക്കച്ചയുടെ മുകളിലൂടെയും ഒറ്റമുണ്ടിന്റെ വിടവിലൂടെയും തന്റെ രഹസ്യങ്ങളിലേക്ക് അത് നുഴഞ്ഞു കയറിയിട്ടെന്ന പോലെ ചെറുമി ഇക്കിളിപ്പെട്ടു, എന്നിട്ട് പനമ്പായയുടെ അറ്റത്തുകിടന്നിരുന്ന പഴയ തലയണയെനോക്കി ചിരിച്ചു. ചെറുമന്റെ വായില്‍നിന്നൊലിച്ചിറങ്ങിയ കീലപ്പൊട്ടുകള്‍ നിറഞ്ഞ തലയണയുണ്ടാക്കിയ അറപ്പും വെറുപ്പും എവിടെപ്പോയെന്ന് ചെറുമി ഒട്ടും അത്ഭുതപ്പെട്ടില്ല. പകരം ഒരു കിടാവിനെപ്പോലെ കീലയൊലിപ്പിച്ച് ഉറങ്ങുന്ന ചെറുമനായിരുന്നു അവളുടെ മനസ്സില്‍.

കഴിഞ്ഞ പുഞ്ചക്ക് ഞാറു നടാന്‍വന്ന ചെറുമിയുടെ തള്ള കണ്ടതാണയാളെ. ഞാറുനടുന്നതിന്റെ താഴേക്കണ്ടം ഉഴുതുമറിക്കുന്ന പേശീബലത്തെ അവരങ്ങനെ നോക്കിനിന്നു. മടതുറന്ന് വെള്ളം നിറച്ച കണ്ടത്തില്‍ രണ്ടു മൂരിക്കുട്ടന്മാരോടൊപ്പം ചെറുമനങ്ങനെ തിമര്‍ക്കുന്നത് അവരുമാത്രമല്ല കൊയ്ത്തിനിറങ്ങിയ ചെറുമികളത്രയും നോക്കിനില്‍ക്കുന്നുണ്ടായിരുന്നു. ഉഴവുപലകമേല്‍ നിന്ന് ചാഞ്ഞും ചരിഞ്ഞും കണ്ടം പൂട്ടിയ ചെറുമനോടൊപ്പം ഞാറുനടുന്ന ചെറുമികള്‍ ചാഞ്ഞും ചരിഞ്ഞും കൊണ്ടിരുന്നു. തൂങ്ങിയ മുലകളുള്ള മൂത്തചെറുമിമാര്‍ അന്ന്‌ ചെറുമക്കരുത്തിനെപറ്റിയുള്ള പഴയപാട്ടുകള്‍ ഓര്‍മ ചികഞ്ഞെടുത്ത്‌ പാടി. അത്‌ കേട്ട് വാല്യക്കാരുചെറുമികള്‍ നാണിച്ചു ചിരിച്ചു.

അയാളാകട്ടെ ഇതൊന്നുമറിയാതെ മൂരികളോടൊപ്പം കണ്ടത്തില്‍ മദിക്കുകയായിരുന്നു. അയാളങ്ങനെയാണ്, മൂരികളോടൊപ്പം കണ്ടത്തിലിറങ്ങിയാല്‍ പിന്നെ ഒന്നും കാണുകയോ കേള്‍ക്കുകയോ ഇല്ല. അത്രക്കു ശ്രദ്ധയാണ്‌ ചെറുമന്‌, അതിനയാള്‍ ഉഴുവുകയല്ല, അറിയുകയാണ്, മൂരികളേയും മണ്ണിനേയും, അവരുടെ ഓരോ താളത്തേയും കിതപ്പിനേയും.

വരിയുടച്ച മൂരികള്‍ കാമിക്കുന്നതും ഭോഗിക്കുന്നതും കണ്ടത്തെയാണ്. അവറ്റകളുടെ കരുത്തുറ്റ കാലുകള്‍ കണ്ടത്തെ തൊടുന്ന നിമിഷം തന്നെ മണ്ണിന്റെ കുളിരും ഇക്കിളികളും ചെറുമനു കേള്‍ക്കാം. പിന്നെ ആര്‍ത്തിയോടെ ഉള്ള ഒരു പ്രാപിക്കലാണ്, കുതിച്ചും കിതച്ചും കണ്ടത്തിന്റെ ഓരോ ഇഞ്ചിലും മൂരിയുടെ കാലുകള്‍ പതിക്കുന്നു. ഉയര്‍ന്നും, താഴ്ന്നും, ഇളകിയും കണ്ടം മൂരിക്കുപാകത്തിനു നിന്നുകൊടുക്കുന്നു. ഒടുക്കം ഓരോ രോമകൂപങ്ങളിലൂടെയും മൂരി കണ്ടത്തിലേക്ക് സ്ഖലനം ചെയ്യുന്നതുവരെ ഒരു കൂട്ടികൊടുപ്പുകാരനെപ്പോലെ, കണ്ടത്തിന്റെ നഗ്നത കണ്ടില്ലെന്നു നടിച്ച്, എന്നാല്‍ എല്ലാമറിഞ്ഞ്‌ ചെറുമനും കൂടെ നടക്കും. കണ്ടത്തിന്റെ ഓരോ കിതപ്പിന്റെയും മനസ്സറിഞ്ഞ്, അതിനോക്കം കലപ്പ താഴ്ത്തിയും തലോടിയും, കണ്ടം മതിയെന്നു പറയുംവരെ.

അങ്ങനെയുള്ള ചെറുമനോടാണ്‌ ചെറുമിതള്ള കല്യാണക്കാര്യം പറഞ്ഞയക്കുന്നത്‌. പിറ്റേന്നുതന്നെ എണ്ണതേച്ച്‌ കുളിച്ച്‌, മുടി പറ്റിച്ചീകി, വെള്ളമുണ്ടുമുടുത്ത്‌ ചെറുമന്‍ വന്നു പെണ്ണുകണ്ടു. തലയും മുലയുമുയര്‍ത്തി ചെറുമനു കാണാനായി നിന്നുകൊടുത്ത ചെറുമിയെ അയാള്‍ കണ്ണുകൊണ്ട് ഉഴുതുമറിച്ചു. ഇക്കിളിപ്പെടാതിരിക്കാന്‍ ചെറുമിയാകട്ടെ കണ്ണടച്ച് കീഴ്ച്ചുണ്ടുകടിച്ചു നിന്നു. കണ്ണടച്ചിരുന്ന ചെറുമിയും, ചെറുമിയെ നോക്കിക്കൊണ്ടിരുന്ന ചെറുമനുമറിഞ്ഞില്ലെങ്കിലും നേരം അതിന്റെ സമയത്തിനിരുട്ടി. കാത്തുകാത്തിരുന്ന്‌ ഫലമില്ലെന്നായ തള്ളച്ചെറുമി മുരടനക്കിയപ്പോഴാണ്‌ ചെറുമന്‌ പോകണമെന്ന കാര്യം ഓര്‍മ്മ വന്നതു തന്നെ.

മൂന്നിന്റന്ന്‌ വിവരം പറഞ്ഞറിയിക്കാമെന്ന തള്ളച്ചെറുമിയുടെ വാക്കിന്‍ പുറത്ത് കുടിയിലേക്കയാള്‍ മടങ്ങിയില്ല. തിന്നാനും കുടിക്കാനുമില്ലാതെയിരിക്കുന്ന മൂരിക്കുട്ടന്‍മാരെയും ഓര്‍ത്തില്ല. പകരം പനങ്കള്ള്‌ വാങ്ങിക്കുടിച്ച് കൂട്ടും കൂടി ചെറുമിക്കുടിക്കു ചുറ്റും ചുറ്റിനടന്നു. ഒറ്റക്കിരുന്ന് ചെറുമിയുടെ അരയും മുലയും സ്വപ്നം കണ്ടു. കാലത്ത് ചെറുമി കുളിക്കുന്ന തോട്ടിനു ചുറ്റും പാത്തു നടന്നു.

പെണ്ണുകാണാന്‍ പോയ ചെറുമന്‍ മൂന്നാംനാള്‍ വൈകിട്ടു കുടിയില്‍ വന്നു കയറുന്നത്‌ ചെറുമിയുമായാണ്. കുടിയുടെ സ്വകാര്യതയിലെത്തിയപാടെ അവളെ പനമ്പായയിലേക്ക് മറിച്ചിട്ട ചെറുമനെ അവള്‍ തെരുതെരെ ഉമ്മവച്ചു. ചേലയുടെ മറവില്ലാതെ ചെറുമന്‍ ചെറുമിയെ കണ്ടു, അവളുടെ ചൂടറിഞ്ഞു. ചെറുമിയുടെ തുടയും മുലയും തഴുകിയപ്പോള്‍ ചെറുമനു മദപ്പാടുണ്ടായി. മദപ്പാടിന്റെ തിരിച്ചറിവില്‍ പിണഞ്ഞിരുന്ന ചെറുമിയുടെ കാലുകള്‍ കുടഞ്ഞെറിഞ്ഞ് കലപ്പയുമായി ചെറുമന്‍ കണ്ടത്തിലേക്ക്‌ പാഞ്ഞപ്പോള്‍ കുടിയില്‍ ചെറുമിയും ചെറുമന്റെ ഗന്ധങ്ങളും തനിച്ചായി.

വരിയുടക്കപ്പെടുന്നത്‌ ഉഴവുമാടുമാത്രമല്ല ഉഴവനും കൂടിയാണെന്ന തിരിച്ചറിവില്‍ നിലവിളിക്കുകയായിരുന്നു ചെറുമനന്നേരം.

2008 ഡിസംബർ 30, ചൊവ്വാഴ്ച

ഒന്ന്, രണ്ട്...

"മൂന്ന്..........."

'അങ്ങോട്ടു മാറി നിന്നൂടെ പൂച്ചേന്ന്‌' ശാരദേടത്തി പൂച്ചയെ കോലായിലേക്ക് തൊഴിച്ചിട്ടു. അതാകട്ടെ ഒരു പരാതിയും ഇല്ലാതെ വീണേടത്തു കിടന്നുകൊണ്ട് നാക്കു നീട്ടി നക്കി കൊണ്ടിരുന്നു. എന്തു തിന്നിട്ടാണീ പൂച്ച ഇങ്ങനെ നാക്കു നക്കുന്നതെന്നു ശാരദേടത്തി പണ്ടൊക്കെ അത്ഭുതപ്പെടാറുണ്ടായിരുന്നു. പണ്ടെന്നു പറഞ്ഞാല്‍ വളരെ പണ്ട്, നാരായണേട്ടന്‍ ശാരദേടത്തിയെ കല്യാണം കഴിച്ചു കൊണ്ടുവന്ന കാലത്ത്. അന്നു പൂച്ച ഇതല്ല, ഇതിന്റെ തള്ളേന്റെ തള്ളേന്റെ തള്ളയോ മറ്റോ ആണ്. പക്ഷെ പൂച്ച എല്ലാം ഒന്നു തന്നെ, ചത്തു ചത്തു ജനിക്കുന്നൂന്ന് മാത്രം. അതിന്റെ തള്ളേന്റെ തള്ളേന്റെ കാലത്തെ ഓര്‍മകളൊക്കെ അതിനുണ്ട്.

കറുകറുത്ത മീന്‍ചട്ടിയിലേക്ക് മത്തി ഊര്‍ത്തിയിട്ടിട്ട് ശാരദേടത്തി കടലാസ് പറമ്പിലേക്ക് എറിഞ്ഞൂ. പൂച്ചയവിടുണ്ട്, ശാരദേടത്തിയുടെ ഊക്കും നോക്കും ഒക്കെ പൂച്ചക്കറിയാം. കടലാസ് കടുകിടമാറാതെ പൂച്ചയുടെ മുന്നില്‍.

"പത്തുറുപ്പികക്ക് നാലുമത്തി....."

പണ്ടൊക്കെ രണ്ടുറുപ്പികക്കാണു പുരയില്‍ മത്തി വാങ്ങിക്കാറ്. 'മത്തി വാരി വാരി' എന്നാണ്‌ മീന്‍കാര്‍ അന്നൊക്കെ പറയാറുതന്നെ. ചില മഴക്കാലത്തൊക്കെ തോനെ ഉണ്ടായിട്ട് ചിലപ്പോള്‍ ഒന്നരാടമൊക്കയേ മത്തി വങ്ങാറുതന്നെ ഉണ്ടായിരുന്നുള്ളൂ. അന്നൊക്കെ ഈ പൂച്ച മീന്‍കുടലൊന്നും തിന്നൂലാരുന്നു.

കഷണിച്ച മത്തി അടുപ്പത്ത് വച്ച്‌ പുളി പിഴിഞ്ഞൊഴിച്ചിട്ട്, പുളിച്ചണ്ടി ശാരദേടത്തി പറമ്പിലേക്ക് എറിഞ്ഞു.

പൂച്ച അനങ്ങിയില്ല. അതു പുളിച്ചണ്ടിയാണെന്ന്‌ അതിനറിയാം.

പണ്ടൊക്കെ ഇങ്ങനെ പുളിയെറിയുമ്പം ഓടിപ്പോയി നോക്കാറുണ്ടായിരുന്നൂ, പൂച്ച. പണ്ടെന്നു വച്ചാ പണ്ട് നാരാണേട്ടന്‍ പൂച്ചയെ സഞ്ചീലിട്ട്‌ കൊണ്ടുവന്നകാലത്ത്. അന്നീ നാരാണേട്ടനും ശാരദേടത്തിയും അല്ല. അവരുടെ തള്ളേന്റെ തള്ളേന്റെ തള്ളയോ മറ്റോ ആണ്. പക്ഷെ എല്ലാം ഒന്നു തന്നെ, ചത്തു ചത്തു ജനിക്കുന്നൂന്ന് മാത്രം.

കനലിളക്കിയിട്ട്, ഒരു മട്ടലുകഷണം കൂടി അടുപ്പിലേയ്ക്കു തള്ളി വച്ച്‌, രണ്ട് ഊത്തും കൂടി ഊതി ശാരദേടത്തി പുറത്തേക്കിറങ്ങി. മത്തി വേകുമ്പം അടുപ്പുകെട്ടോളും, അതടുപ്പിനറിയാം.

പൂച്ച അപ്പോളെക്കും ചകിരികുണ്ടക്കടുത്ത് സ്ഥാനം പിടിച്ചിട്ടുണ്ട്. ശാരദേടത്തി ചൂടി പിരിക്കുമ്പം ചന്തി ചാരി പൂച്ച അങ്ങനെ ഇരിക്കും. പൂച്ചക്കു വല്യസുഖമുണ്ടായിട്ടൊന്നുമല്ല, ശാരദേടത്തിക്കൊരു സുഖമല്ലേന്നിരിക്കുന്നു പൂച്ച.

ആദ്യമൊക്കെ തൊണ്ടു തല്ലിയാണ്‌ ശാരദേടത്തി ചകിരി ഉണ്ടാക്കിയിരുന്നത്, പറമ്പീന്നും അയല്‍പക്കത്തുനിന്നുമൊക്കെ വലിക്കുന്ന തേങ്ങയുടെ തൊണ്ടു കിട്ടുമായിരുന്നു. പറമ്പിലെ തെങ്ങൊക്കെ മണ്ടവീണുപോയി. അയല്‍പക്കക്കാരൊക്കെ പൊതിച്ചതേങ്ങ പീടികേന്നു വാങ്ങും. ഇപ്പം ഒരു കൊണ്ടോട്ടിക്കാരന്‍ മാപ്പളയുടെ കയ്യീന്നാണ്‌ ചകിരി വാങ്ങുന്നത്‌. മാസത്തിലൊരിക്കല്‍ ഓട്ടോറിക്ഷയില്‌ ചേരിക്കുണ്ട ഇറക്കീട്ടുപോകും. പിന്നെ ഓനു തോന്നുമ്പം വരും ചൂടി മേടിക്കാന്‍. ഓനാനെങ്കില്‍ തോനെ വേണ്ടാ താനും, ചിലവാവൂലാന്ന് പറഞ്ഞിട്ട് ചിലപ്പം പാതി വെച്ചിട്ടും പോകും.

ശാരദേടത്തി പഴയ രണ്ടു വസ്തിയില്‍ ചോറും കൂട്ടാനും മേശപ്പുറത്തെത്തിക്കുമ്പോഴേക്കും കാലിളകുന്ന മേശക്കീഴില്‍ പൂച്ച സ്ഥാനം പിടിച്ചു. ശാരദേടത്തിയെ ചൂടി പിരിക്കാന്‍ വിട്ടേച്ച് പൂച്ച കൂട്ടാന്റെ വയറിനെ കാത്തിരുന്നു. "ഈ മീന്‍കൂട്ടാന്‍ മാത്രമേ ഉള്ളൂ?, എനിക്ക്വേണ്ട ചോറ്" എന്നു കോപിച്ച ശബ്ദം പടിയിറങ്ങുന്നത് വരെ.

ദേഷ്യമോ വിഷമമോ ഒക്കെ വന്നെങ്കിലും ശാരദേടത്തി ഒന്നും മിണ്ടാതെ വസ്തികളും എടുത്തു അടുക്കളയിലേക്കു നടക്കുമ്പോള്‍, പൂച്ച മുതുകുവളച്ച് തയാറായി ശാരദേടത്തിയുടെ വഴിയില്‍ നിന്നു.

"നാല്‌..........."