2009, ഫെബ്രുവരി 2, തിങ്കളാഴ്‌ച

കാമം

കുറുകെക്കെട്ടിയ ചൂടിക്കയറില്‍ തൂങ്ങുന്ന വിയര്‍പ്പുനാറ്റങ്ങള്‍ക്ക് കീഴെ ചെറുമനെയും കാത്ത് ചെറുമിയിരുന്നു. ചെറുമക്കുടിയുടെ മണ്‍ചുമരും ചാരിയുള്ള കാത്തിരിപ്പില്‍ മുകളില്‍ തൂങ്ങുന്ന കുട്ടിത്തോര്‍ത്തിന്റെ ഗന്ധങ്ങളിലൂടെ ചെറുമി ചെറുമനെ അറിയാന്‍ ശ്രമിക്കയായിരുന്നു. അതില്‍നിന്നിറങ്ങിവന്ന ഗന്ധങ്ങളോരോന്നും ചെറുമനെപറ്റി ഒന്നൊന്ന് അവളോടു പറഞ്ഞുകൊടുത്തു. അയാള്‍ പോയ വഴികളെപറ്റി, കൂടിയ ചെങ്ങാത്തങ്ങളെപറ്റി, കുളിച്ച കുളങ്ങളെപറ്റി, അങ്ങനെ ഓരോന്നും. ഒടുക്കം തോര്‍ത്തിന്റെ അവിടവിടെയുള്ള ദ്വാരങ്ങളിലൂടെ ചെറുമന്റെ പുരുഷഗന്ധം താഴേക്കിഴഞ്ഞുവന്നു. മുലക്കച്ചയുടെ മുകളിലൂടെയും ഒറ്റമുണ്ടിന്റെ വിടവിലൂടെയും തന്റെ രഹസ്യങ്ങളിലേക്ക് അത് നുഴഞ്ഞു കയറിയിട്ടെന്ന പോലെ ചെറുമി ഇക്കിളിപ്പെട്ടു, എന്നിട്ട് പനമ്പായയുടെ അറ്റത്തുകിടന്നിരുന്ന പഴയ തലയണയെനോക്കി ചിരിച്ചു. ചെറുമന്റെ വായില്‍നിന്നൊലിച്ചിറങ്ങിയ കീലപ്പൊട്ടുകള്‍ നിറഞ്ഞ തലയണയുണ്ടാക്കിയ അറപ്പും വെറുപ്പും എവിടെപ്പോയെന്ന് ചെറുമി ഒട്ടും അത്ഭുതപ്പെട്ടില്ല. പകരം ഒരു കിടാവിനെപ്പോലെ കീലയൊലിപ്പിച്ച് ഉറങ്ങുന്ന ചെറുമനായിരുന്നു അവളുടെ മനസ്സില്‍.

കഴിഞ്ഞ പുഞ്ചക്ക് ഞാറു നടാന്‍വന്ന ചെറുമിയുടെ തള്ള കണ്ടതാണയാളെ. ഞാറുനടുന്നതിന്റെ താഴേക്കണ്ടം ഉഴുതുമറിക്കുന്ന പേശീബലത്തെ അവരങ്ങനെ നോക്കിനിന്നു. മടതുറന്ന് വെള്ളം നിറച്ച കണ്ടത്തില്‍ രണ്ടു മൂരിക്കുട്ടന്മാരോടൊപ്പം ചെറുമനങ്ങനെ തിമര്‍ക്കുന്നത് അവരുമാത്രമല്ല കൊയ്ത്തിനിറങ്ങിയ ചെറുമികളത്രയും നോക്കിനില്‍ക്കുന്നുണ്ടായിരുന്നു. ഉഴവുപലകമേല്‍ നിന്ന് ചാഞ്ഞും ചരിഞ്ഞും കണ്ടം പൂട്ടിയ ചെറുമനോടൊപ്പം ഞാറുനടുന്ന ചെറുമികള്‍ ചാഞ്ഞും ചരിഞ്ഞും കൊണ്ടിരുന്നു. തൂങ്ങിയ മുലകളുള്ള മൂത്തചെറുമിമാര്‍ അന്ന്‌ ചെറുമക്കരുത്തിനെപറ്റിയുള്ള പഴയപാട്ടുകള്‍ ഓര്‍മ ചികഞ്ഞെടുത്ത്‌ പാടി. അത്‌ കേട്ട് വാല്യക്കാരുചെറുമികള്‍ നാണിച്ചു ചിരിച്ചു.

അയാളാകട്ടെ ഇതൊന്നുമറിയാതെ മൂരികളോടൊപ്പം കണ്ടത്തില്‍ മദിക്കുകയായിരുന്നു. അയാളങ്ങനെയാണ്, മൂരികളോടൊപ്പം കണ്ടത്തിലിറങ്ങിയാല്‍ പിന്നെ ഒന്നും കാണുകയോ കേള്‍ക്കുകയോ ഇല്ല. അത്രക്കു ശ്രദ്ധയാണ്‌ ചെറുമന്‌, അതിനയാള്‍ ഉഴുവുകയല്ല, അറിയുകയാണ്, മൂരികളേയും മണ്ണിനേയും, അവരുടെ ഓരോ താളത്തേയും കിതപ്പിനേയും.

വരിയുടച്ച മൂരികള്‍ കാമിക്കുന്നതും ഭോഗിക്കുന്നതും കണ്ടത്തെയാണ്. അവറ്റകളുടെ കരുത്തുറ്റ കാലുകള്‍ കണ്ടത്തെ തൊടുന്ന നിമിഷം തന്നെ മണ്ണിന്റെ കുളിരും ഇക്കിളികളും ചെറുമനു കേള്‍ക്കാം. പിന്നെ ആര്‍ത്തിയോടെ ഉള്ള ഒരു പ്രാപിക്കലാണ്, കുതിച്ചും കിതച്ചും കണ്ടത്തിന്റെ ഓരോ ഇഞ്ചിലും മൂരിയുടെ കാലുകള്‍ പതിക്കുന്നു. ഉയര്‍ന്നും, താഴ്ന്നും, ഇളകിയും കണ്ടം മൂരിക്കുപാകത്തിനു നിന്നുകൊടുക്കുന്നു. ഒടുക്കം ഓരോ രോമകൂപങ്ങളിലൂടെയും മൂരി കണ്ടത്തിലേക്ക് സ്ഖലനം ചെയ്യുന്നതുവരെ ഒരു കൂട്ടികൊടുപ്പുകാരനെപ്പോലെ, കണ്ടത്തിന്റെ നഗ്നത കണ്ടില്ലെന്നു നടിച്ച്, എന്നാല്‍ എല്ലാമറിഞ്ഞ്‌ ചെറുമനും കൂടെ നടക്കും. കണ്ടത്തിന്റെ ഓരോ കിതപ്പിന്റെയും മനസ്സറിഞ്ഞ്, അതിനോക്കം കലപ്പ താഴ്ത്തിയും തലോടിയും, കണ്ടം മതിയെന്നു പറയുംവരെ.

അങ്ങനെയുള്ള ചെറുമനോടാണ്‌ ചെറുമിതള്ള കല്യാണക്കാര്യം പറഞ്ഞയക്കുന്നത്‌. പിറ്റേന്നുതന്നെ എണ്ണതേച്ച്‌ കുളിച്ച്‌, മുടി പറ്റിച്ചീകി, വെള്ളമുണ്ടുമുടുത്ത്‌ ചെറുമന്‍ വന്നു പെണ്ണുകണ്ടു. തലയും മുലയുമുയര്‍ത്തി ചെറുമനു കാണാനായി നിന്നുകൊടുത്ത ചെറുമിയെ അയാള്‍ കണ്ണുകൊണ്ട് ഉഴുതുമറിച്ചു. ഇക്കിളിപ്പെടാതിരിക്കാന്‍ ചെറുമിയാകട്ടെ കണ്ണടച്ച് കീഴ്ച്ചുണ്ടുകടിച്ചു നിന്നു. കണ്ണടച്ചിരുന്ന ചെറുമിയും, ചെറുമിയെ നോക്കിക്കൊണ്ടിരുന്ന ചെറുമനുമറിഞ്ഞില്ലെങ്കിലും നേരം അതിന്റെ സമയത്തിനിരുട്ടി. കാത്തുകാത്തിരുന്ന്‌ ഫലമില്ലെന്നായ തള്ളച്ചെറുമി മുരടനക്കിയപ്പോഴാണ്‌ ചെറുമന്‌ പോകണമെന്ന കാര്യം ഓര്‍മ്മ വന്നതു തന്നെ.

മൂന്നിന്റന്ന്‌ വിവരം പറഞ്ഞറിയിക്കാമെന്ന തള്ളച്ചെറുമിയുടെ വാക്കിന്‍ പുറത്ത് കുടിയിലേക്കയാള്‍ മടങ്ങിയില്ല. തിന്നാനും കുടിക്കാനുമില്ലാതെയിരിക്കുന്ന മൂരിക്കുട്ടന്‍മാരെയും ഓര്‍ത്തില്ല. പകരം പനങ്കള്ള്‌ വാങ്ങിക്കുടിച്ച് കൂട്ടും കൂടി ചെറുമിക്കുടിക്കു ചുറ്റും ചുറ്റിനടന്നു. ഒറ്റക്കിരുന്ന് ചെറുമിയുടെ അരയും മുലയും സ്വപ്നം കണ്ടു. കാലത്ത് ചെറുമി കുളിക്കുന്ന തോട്ടിനു ചുറ്റും പാത്തു നടന്നു.

പെണ്ണുകാണാന്‍ പോയ ചെറുമന്‍ മൂന്നാംനാള്‍ വൈകിട്ടു കുടിയില്‍ വന്നു കയറുന്നത്‌ ചെറുമിയുമായാണ്. കുടിയുടെ സ്വകാര്യതയിലെത്തിയപാടെ അവളെ പനമ്പായയിലേക്ക് മറിച്ചിട്ട ചെറുമനെ അവള്‍ തെരുതെരെ ഉമ്മവച്ചു. ചേലയുടെ മറവില്ലാതെ ചെറുമന്‍ ചെറുമിയെ കണ്ടു, അവളുടെ ചൂടറിഞ്ഞു. ചെറുമിയുടെ തുടയും മുലയും തഴുകിയപ്പോള്‍ ചെറുമനു മദപ്പാടുണ്ടായി. മദപ്പാടിന്റെ തിരിച്ചറിവില്‍ പിണഞ്ഞിരുന്ന ചെറുമിയുടെ കാലുകള്‍ കുടഞ്ഞെറിഞ്ഞ് കലപ്പയുമായി ചെറുമന്‍ കണ്ടത്തിലേക്ക്‌ പാഞ്ഞപ്പോള്‍ കുടിയില്‍ ചെറുമിയും ചെറുമന്റെ ഗന്ധങ്ങളും തനിച്ചായി.

വരിയുടക്കപ്പെടുന്നത്‌ ഉഴവുമാടുമാത്രമല്ല ഉഴവനും കൂടിയാണെന്ന തിരിച്ചറിവില്‍ നിലവിളിക്കുകയായിരുന്നു ചെറുമനന്നേരം.

41 അഭിപ്രായങ്ങൾ:

ചങ്കരന്‍ പറഞ്ഞു...

വരിയുടച്ച മൂരികള്‍ കാമിക്കുന്നതും ഭോഗിക്കുന്നതും കണ്ടത്തെയാണ്.

കാപ്പിലാന്‍ പറഞ്ഞു...

സത്യത്തില്‍ എന്താണ് അഭിപ്രായം പറയേണ്ടതെന്നറിയില്ല .ഞാനും കുറെ നേരം ചെറുമനോടൊപ്പം ആ കണ്ടത്തിലും ചെറുമിയുടെ വീടിനു ചുറ്റും അലഞ്ഞു നടന്നു .വളരെ നല്ല അവതരണം .നല്ല കഥ .ചങ്കരന്‍ കീ ജയ് .

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

കലപ്പയുമായി ചെറുമന്‍ കണ്ടത്തിലേക്ക്‌ പാഞ്ഞപ്പോള്‍ കുടിയില്‍ ചെറുമിയും ചെറുമന്റെ ഗന്ധങ്ങളും തനിച്ചായി.

കഥ നന്നായി !വേണമെങ്കിൽ അശ്ലീലമാക്കാമായിരുന്ന ഒരു തീം .തികഞ്ഞ ഒതുക്കത്തോടെ എഴുതി ഫലിപ്പിച്ചു! നന്നായി ചങ്കരാ !! ഭാവിയുണ്ട്.ഇനിയും എഴുതൂ ആശംസകൾ

പ്രയാണ്‍ പറഞ്ഞു...

ബ്ലും.......ഭയങ്കര നിശ്ശ്ബ്ദത... മാറ്റാന്‍ ഒരു കല്ല് വെള്ളത്തിലേക്കിട്ടതാ.....ചെറുമനേം ചെറുമ്യേം ഞാനും കണ്ടു....ആശംസകള്‍....

പൊറാടത്ത് പറഞ്ഞു...

ചങ്കരാ... ഉം....ചേട്ടന്റെ അനിയൻ തന്നെ... കലകലക്കി.

വരികളിലൂടെ ഒരു കാഴ്ച തന്നെ തരപ്പെട്ടു. മലബാറിന്റെ ചൂരും മണത്തറിഞ്ഞു.

simy nazareth പറഞ്ഞു...

നല്ല എഴുത്ത്! ഇഷ്ടപ്പെട്ടു.

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

വരിയുടക്കപ്പെടുന്നത്‌ ഉഴവുമാടുമാത്രമല്ല ഉഴവനും കൂടിയാണെന്ന തിരിച്ചറിവില്‍ നിലവിളിക്കുകയായിരുന്നു ചെറുമനന്നേരം.

വളരെയധികം ഇഷ്ടപ്പെട്ടു സുഹൃത്തേ...

Unknown പറഞ്ഞു...

ഇഷ്ടപ്പെട്ടു

പ്രയാസി പറഞ്ഞു...

ഇതു പോലത്തെ ഒരു വരി എഴുതീട്ട് ചത്താലും മതി!!
നല്ല മദഗന്ധമുള്ള കഥ! എന്തൂട്ട് കഥാന്ന്, മദഗന്ധമുള്ള..;)

നന്നായി ചങ്കേ..

ചാണക്യന്‍ പറഞ്ഞു...

നല്ല കഥ ....
അഭിനന്ദനങ്ങള്‍ ചങ്കരാ....

മുസാഫിര്‍ പറഞ്ഞു...

നല്ല പൌരുഷമുള്ള കഥ.

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

ചങ്കരാ,
കഥ ഇഷ്ടപ്പെട്ടു. ശൈലി പ്രത്യേകിച്ചും.
ഒരു ഖസാക്കിന്റെ മണം.

വരിയുടച്ച മൂരികള്‍ കാമിക്കുന്നതും ഭോഗിക്കുന്നതും കണ്ടത്തെയാണ്
മനോഹരമായിരിക്കുന്നു.

ആശംസകള്‍

Jithendrakumar/ജിതേന്ദ്രകുമാര്‍ പറഞ്ഞു...

chankaraa,
thakartthezhuthiyirikkunnu!!

നിരക്ഷരൻ പറഞ്ഞു...

ഉഴുത് മറിച്ച് കളഞ്ഞല്ലോ ചങ്കൂ...
ബ്ലോഗിൽ അധികം വായനയൊന്നും നടത്തിയിട്ടില്ല. പക്ഷെ ഇത്തരമൊന്ന് ആദ്യായിട്ടാണ് കാണാൻ കിട്ടിയതുതന്നെ.

പ്രയാസി പറഞ്ഞതുപോലെ ഞാൻ പറഞ്ഞിട്ട് കാര്യമില്ല:) എന്നെക്കൊണ്ടാവില്ല. ഞാനിത്തിരി മാറ്റിപ്പറയുന്നു. ഇതുപോലെ ഒന്നുരണ്ടെണ്ണം ബൂലോകത്തുനിന്ന് വായിച്ചിട്ട് ചത്താലും വേണ്ടീല.

ചങ്കരന്‍ പറഞ്ഞു...

മുതലാളീ നന്ദി, ചുറ്റി നടക്കുന്നതു ഭാര്യകാണണ്ട!!
കാന്താരിക്കുട്ടീ വളരെ നന്ദി.
വളരെ നന്ദി.
പൊറാടത്ത് വളരെ നന്ദി.
സിമി വളരെ നന്ദി.
പകല്‍കിനാവന്‍ വളരെ നന്ദി.
വിനോദം ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം, നന്ദി.
പ്രയാസി വളരെ നന്ദി, പറഞ്ഞു പറ്റിക്കില്ലല്ലോ അല്ലേ :)
ചാണക്യന്‍ വളരെ നന്ദി.
മുസാഫിര്‍ വളരെ നന്ദി.
അനില്‍ വളരെ നന്ദി, ഖസാക്കോ? ഇക്കാ പറയുന്നപോലെ ഞാനൊരു പുഴു.
ജിതേന്ദ്രകുമാര്‍ വളരെ നന്ദി.
നിരക്ഷര്‍ജി വളരെ നന്ദി, ഈ എളിയന്റെ കഥ വായിച്ചതിനും കമന്റിയതിനും.

വരവൂരാൻ പറഞ്ഞു...

ചങ്കരന്‍ എന്ന പേരു കണ്ടപ്പോൾ തന്നെ തോന്നി നല്ല നാടൻ സാധനം കിട്ടുന്ന്, നന്നായിട്ടുണ്ട്‌, ആശംസകൾ ഇനിയും വരും

സുശീല്‍ കുമാര്‍ പറഞ്ഞു...

പച്ചയായ ജീവിതം ഇവിടെ നേരില്‍ കണ്ടു. നന്നായിട്ടുണ്ട് ചങ്കരാ.

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

വായിച്ചു വേറിട്ടു, എവിടെയോ ഉഴവു ചാലുകളില്‍
ചെളി കിനിയുന്നു....

മാണിക്യം പറഞ്ഞു...

പച്ചയായ ജീവനുള്ള കഥ!
മണ്ണിനെ പ്രണയിക്കുന്ന ചെറുമനും
ചെറുമനെ കാമിക്കുന്ന ചെറുമിയും!
ചെറുമന്റെ ഗന്ധം അവളെ ചുറ്റി നില്‍ക്കും
മണ്ണിന്റെ ചേറിണ്ടെ കന്നിന്റെ ഒപ്പം ചെറുമനും!
വാക്കുകല്‍ കൊണ്ട് ചെറുമിയുടെ ലോകം തുറക്കാന്‍ ചങ്കരന്റെ കീബീര്‍ഡിനു കഴിഞ്ഞു മാസ്മരികതയുള്ള എഴുത്ത്!!

ശ്രീഇടമൺ പറഞ്ഞു...

ചങ്കരന്‍ ചേട്ടാ...
നന്നായിട്ടുണ്ട്...

ചങ്കരന്‍ പറഞ്ഞു...

prayan വളരെ നന്ദി.
സുശീലേട്ടാ വളരെ നന്ദി.
വരവൂരാനേ വളരെ നന്ദി.
ചെമ്മു സാര്‍ വളരെ നന്ദി.
മാണിക്യം ചേച്ചീ വളരെ നന്ദി.
ശ്രീഇടമന്‍ വളരെ നന്ദി.

ശ്രീ പറഞ്ഞു...

വളരെ നന്നായി എഴുതിയിരിയ്ക്കുന്നു, മാഷേ...

Bindhu Unny പറഞ്ഞു...

ഒതുക്കമുള്ള എഴുത്ത്. :-)

Sapna Anu B.George പറഞ്ഞു...

ചങ്കാരാ...ഇത്ര അസ്സലായി ഒരു ‘കാമം’ അവതരിപ്പിക്കാന്‍ ഒരു സാധാരണകാരനു പറ്റില്ല കേട്ടോ. ഉഗ്രന്‍ എഴുത്തുശൈലി. ആരാ ഈ ചങ്കരന്റെ ഏട്ടന്‍????

ചങ്കരന്‍ പറഞ്ഞു...

ശ്രീ വളരെ നന്ദി
ബിന്ദു വളരെ നന്ദി
സപ്ന വ്ളരെ നന്ദി,
പാമരന്‍
ആണ്‌ ചേട്ടന്‍.

ജ്വാല പറഞ്ഞു...

നല്ല ക്രാഫ്റ്റ്..നന്നായി അവതരിപ്പിച്ചു.

തെന്നാലിരാമന്‍‍ പറഞ്ഞു...

നല്ല അവതരണം...നല്ല ഭാഷ...ഇഷ്ട്പ്പെട്ടു മാഷേ...

പാര്‍ത്ഥന്‍ പറഞ്ഞു...

വരിയുടച്ച ജന്മങ്ങൾ!!!!!!!
എവിടെയാ കൊണ്ടെത്തിച്ചത്, ചങ്കൂ.

Unknown പറഞ്ഞു...

നന്നായിട്ടുണ്ട് തീമും അവതരണവും .....

വിജയലക്ഷ്മി പറഞ്ഞു...

Ezhuthinte shaili valare nannaayirikkunnu..kaanthaari kutti paranjathu shariyaa...aashamsakal!

സുനില്‍ ‍‍‍പെരുമ്പാവൂര്‍ പറഞ്ഞു...

വരിയുടച്ച മൂരികള്‍ കാമിക്കുന്നതും ഭോഗിക്കുന്നതും കണ്ടത്തെയാണ്.

ബെസ്റ്റ് കണ്ണാ ബെസ്റ്റ്
ഇടക്കൊക്കെ ഒരു കോരിത്തരിപ്പും ഉണ്ട് കേട്ടോ..

ഉണ്ണികൃഷ്ണന്‍ പുതൂരിന്റെ കഥ വായിച്ചാ പോലെ
അഭിനന്ദനങ്ങള്‍...

B Shihab പറഞ്ഞു...

ആശംസകള്‍

പാവത്താൻ പറഞ്ഞു...

കഥ എനിക്കങ്ങിഷ്ടപ്പെട്ടു.
കണ്ടം എന്നാൽ ബ്ലോഗൊന്നുമല്ലല്ലോ????:-)ഞാൻ നാടു നീങ്ങി.... സോറി, നാടു വിട്ടു.

വിശാഖ് ശങ്കര്‍ പറഞ്ഞു...

ആദ്യമായാണിവിടെ. ഈ കഥയും, ആഖ്യാനശൈലിയിലെ അനായാസതയും ഇഷ്ടമായി.

കാവലാന്‍ പറഞ്ഞു...

ചങ്കരാ, അകലങ്ങളില്‍ നിന്ന് കാറ്റില്‍ പാടങ്ങളുടെ ഈറ്റു മണത്തോടൊപ്പമൊഴുകിയെത്തിയിരുന്ന ഉഴവുപാട്ടിന്റെ അലയൊലികള്‍ മുഴങ്ങുന്നു കാതില്‍.വളരെ നന്നായിരിക്കുന്നു തുടരുക ഭാവുകങ്ങള്‍.

കനല്‍ പറഞ്ഞു...

ആദ്യമായിട്ടാ ഇത്തരത്തിലൊരു വായനാനുഭൂതി കിട്ടുന്നത്.
നന്ദിയുണ്ട് ചങ്കരാ
ചേറിന്റെയും ചെറുമന്റെയും ഗന്ധം
നിറയുന്നു ഇവിടെ
ഇത് കഥയായിട്ടല്ല കവിതയായിട്ടാ എനിക്ക് തോന്നിയത്.

siji പറഞ്ഞു...

Nalla ezhuthum Craft um. Eshtappettu

ഹരി പറഞ്ഞു...

ഒരു ലഹരിയിലായിരുന്നു ഞാന്‍...
തുടക്കം മുതലോടുക്കം വരെ...
താളം മുറിയാതെ...
ചുവടുകള്‍ പിഴയ്ക്കാതെ...

അസൂയ തോന്നി ഈ ആഖ്യാന ശൈലിയില്‍....

sanju പറഞ്ഞു...

maninte manamullaa kadha, kollam.....

ഉസ്മാന്‍ പള്ളിക്കരയില്‍ പറഞ്ഞു...

പുതിയ പ്രമേയം, പുതുമയുള്ള ആഖാനം. നന്നായി.

sanju പറഞ്ഞു...

nattinpurathinte pachappilekku koottikondu poya ente suhruthe ninte varikalkku ente nanni