"വിഡ്ഢിത്തം പറയാതിരിക്കൂ മഹേഷ്.., നിങ്ങള്‍ക്കു ഭ്രാന്താണ്."
ഞാന്‍ അലറുകയായിരുന്നു. ഉച്ചത്തിലുള്ള എന്റെ വാക്കുകള്‍ കേട്ട് അയാള്‍ യാഥാര്‍ത്ഥ്യത്തിലേക്കു തിരിച്ചു വരുമെന്ന് ഞാന്‍ വ്യാമോഹിച്ചു. സത്യത്തില്‍ ഞാന്‍ വളരെ ഭയപ്പെട്ടു പോയിരുന്നു. എന്റെ കൈവിരലുകളെ ഭയം തണുപ്പിക്കുന്നത് ഞാന്‍ തിരിച്ചറിഞ്ഞു. പക്ഷേ അയാളുടെ മുഖം ശാന്തമായിരുന്നു. ചിരിക്കാതെ, കരയാതെ ഒരു ശവത്തെപ്പോലെ ശാന്തം. അതുതന്നെ ആയിരുന്നു എന്നെ ഭയപ്പെടുത്തിയതും. തിരിഞ്ഞോടുവാന്‍ എന്റെ മനസ്സ് ആവര്‍ത്തിച്ചാവര്‍ത്തിച്ച് എന്നോട് പറഞ്ഞുകൊണ്ടിരുന്നുവെങ്കിലും ശരീരം അതനുസരിക്കുന്നുണ്ടായിരുന്നില്ല.
ആശുപത്രിയുടെ പത്താമത്തെ നിലയിലെ കോറിഡോറില്‍ മഹേഷിനൊപ്പം നില്‍ക്കുകയായിരുന്നു ഞാന്‍. കോറിഡോറിന്റെ ഒരറ്റത്തെ ചില്ലു ജനാല പകുതി തുറന്ന് അതിനടുത്തു നില്‍ക്കുകയായിരുന്നു മഹേഷ്. വെളുവെളുത്ത ടൈലുകളൊട്ടിച്ച ആ കോറിഡോറിന്റെ മറ്റേ അറ്റം ഒരു സ്വപ്നത്തിലെന്ന പോലെ അനന്തതയിലേക്കു നീണ്ടു കിടക്കുന്നതായി തോന്നി. അയാളുടെ മുഖത്തേക്കു നോക്കാനാകാതെ ഞാന്‍ ആ അനന്തതയിലേക്ക് നോക്കികൊണ്ട് നിന്നു. ആ വരാന്തയില്‍ നിന്നു തുറക്കുന്ന എതോ ഒരു മുറിക്കുള്ളില്‍ മഹേഷിന്റെ ഭാര്യയുണ്ടായിരുന്നു. അവരെ കാണുവാനായി അവിടെ വരാന്‍ തീരുമാനിച്ച സമയത്തെ ഞാന്‍ ശപിച്ചുകൊണ്ടിരുന്നു.
എന്റെ വാക്കുകളേയും മുഖഭാവത്തേയും തെല്ലും കാര്യമാക്കതെ അയാള്‍ പിന്നേയും ശാന്തമായ സ്വരത്തില്‍ പറയാന്‍ തുടങ്ങി.
"നോക്കൂ, നിങ്ങളോട് ഇതു പറയേണ്ട കാര്യമില്ല എന്നെനിക്ക് നന്നായിട്ട് അറിയാം, ഒന്നും പറയാതെതന്നെ നിങ്ങളിതു ചെയ്യുമെന്നും. പക്ഷെ ഞാനിതുവരെ ഇതാരോടും പറഞ്ഞിട്ടില്ലാത്തതു കൊണ്ട് നിങ്ങളോടെങ്കിലും എനിക്ക് ഇതിനി പറയാതെ വയ്യല്ലോ."
എന്റെ പ്രതികരണത്തിനു കാത്തുനില്‍ക്കാതെ ചില്ലു ജനാലയിലൂടെ താഴേക്കു നോക്കികൊണ്ട് അയാള്‍ പറഞ്ഞുകൊണ്ടിരുന്നു.
പാര്‍ക്കിലോ ബീച്ചിലോ ഒരപരിചതനെ കണ്ടുമുട്ടുമ്പോള്‍, ആയാളെ മുന്പെവിടെയോ കണ്ടിട്ടുണ്ടെന്ന് ഒരിക്കലെങ്കിലും നിങ്ങള്‍ക്കു തോന്നിയിട്ടുണ്ടോ?
ഒരിക്കലും പോയിട്ടില്ലാത്ത ഒരു നഗരത്തിലെ വഴികളിലൂടെ നടക്കുമ്പോള്‍, ഞാന്‍ ഇതുവഴി മുന്‍പു വന്നിട്ടുണ്ടല്ലോ എന്നു നിങ്ങള്‍ക്കു എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?
എന്തെങ്കിലും ഒരു പ്രത്യേക പ്രവൃത്തിയിലേര്‍പ്പെടുമ്പോള്‍, ഞാന്‍ ഇങ്ങനെ മുന്‍പു ചെയ്തിട്ടുണ്ടല്ലോ എന്ന് നിങ്ങള്‍ക്ക് തോന്നിയിട്ടേ ഇല്ല?
തോന്നാഞ്ഞിട്ടല്ല, നിങ്ങള്‍ ഓര്മിക്കുന്നുണ്ടാവില്ല. ഞാനും ഓര്‍മിച്ചിരുന്നില്ല. എന്റെ പഴയ ഡയറിത്താളില്‍ ഇത്തരമൊന്ന് ഞാന്‍ ചികഞ്ഞെടുക്കുന്നതു വരെ.
ഒന്നാം വര്‍ഷ എന്ജിനീയറിങ്ങിനു പഠിക്കുമ്പോഴാണ് ഞാന്‍ ഒരു പെണ്‍കുട്ടിയെ ആദ്യമായി ചുംബിക്കുന്നത്. ബാഗ്ലൂര്‍ക്കുള്ള ഒരു പഠനയാത്ര കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു അത്. ബാഗ്ലൂരില്‍ ഉണ്ടായിരുന്ന രണ്ടു നാളുകള്‍കൊണ്ടു തന്നെ ഞാനും അവളും നല്ല സുഹൃത്തുക്കളായി കഴിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ മടക്കയാത്രയില്‍ എന്റെകൂടെ ഒരേ സീറ്റിലിരിക്കാമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവള് എതിര്‍ത്തില്ല. ബസ്സില്‍ മധുരമായ ഏതോ ഒരു ഹിന്ദി പ്രണയചിത്രമായിരുന്നു. ഞങ്ങള്‍ കൈകോര്‍ത്തിരുന്നു അതു കണ്ടു. ഇടക്കെപ്പോഴോ ഒരു മുന്നറിയിപ്പുമില്ലാതെ ഞാന്‍ അവളുടെ ചുണ്ടുകളില്‍ അമര്‍ത്തി ചുംബിച്ചു. തരിമ്പും നാണിക്കാതെ അവളും എന്റെ കഴുത്തിലൂടെ കൈ ചുറ്റിപ്പിടിച്ച് എന്നെ ദീര്‍ഘനേരം ചുംബിച്ചു.
നിങ്ങള്‍ എന്നെ വിശ്വസിക്കുമോ എന്നറിയില്ല, അതിനു കൃത്യം രണ്ടു വര്‍ഷം മുന്‍പുള്ള എന്റെ ഡയറിയില്‍ അതേ ദിവസത്തിന്റെ താളില്‍ ഞാന്‍ ഇങ്ങനെ എഴുതിയിരുന്നു.
" ഇന്നു ഞാന്‍ ഒരു സ്വപ്നം കണ്ടു, വ്യക്തമായി ഓര്‍മയില്ലെങ്കിലും നേര്‍ത്ത കുളിരും, ചൂടുള്ള ശ്വാസവും ഞാനിപ്പോഴും ഓര്‍മിക്കുന്നു. അതെ അവള് എന്നെ ചുംബിക്കുകയായിരുന്നു. "
അന്നു മുതലാണ് ഞാന്‍ സ്വപ്നങ്ങള്‍ എന്റെ ഡയറിയില്‍ സ്ഥിരമായി എഴുതാന്‍ തുടങ്ങിയത്. പ്രഭാതങ്ങളില്‍ അലിഞ്ഞില്ലാതാകുന്ന സ്വപ്നങ്ങളുടെ ഓര്‍മ്മപ്പാളികള്‍ ഞാന്‍ ഡയറിയിലേക്ക് പതിച്ചു വച്ചു. ഉറക്കം വിട്ടെഴുനേല്‍ക്കുമ്പോള്‍ മനസ്സില്‍ നിന്നു പതുക്കെ മാഞ്ഞുപോകുന്ന ചില ഫ്രെയ്മുകള് മാത്രമായിരുന്നു അവ. നിങ്ങള്‍ എന്നെ നുണയനെന്നു വിളിച്ചുകൊള്ളൂ, പക്ഷെ അവയെല്ലാം ഒരു പ്രത്യേക പാറ്റേണില്‍ എന്റെ ജീവിതത്തില്‍ സംഭവിക്കുന്നതായി ഞാനറിഞ്ഞു.
ആദ്യമൊക്കെ വലിയ എക്സൈറ്റ്മെന്റായിരുന്നു എനിക്ക്. ഒന്നാലോചിച്ചു നോക്കൂ, എന്റെ ഇരുപത്തി ഒന്നാമത്തെ പിറന്നാളിന് അച്ഛന് എനിക്ക് സര്‍പ്രൈസ് ഗിഫ്റ്റായി ഒരു മോട്ടര്‍ബൈക്ക് തരുമെന്ന് എനിക്ക് മുന്‍പേ അറിയാമായിരുന്നു. അന്നു രാവിലെ മുതല്‍ അച്ഛന് ബൈക്കുമായെത്തുന്നത് കാത്ത് ഉമ്മറപ്പടിയിലിരുന്നത് എനിക്കിപ്പോഴും ഓര്‍മയുണ്ട്. അങ്ങനെ ഒരുപാട്. ചേച്ചിയുടെ കല്യാണം, കുട്ടി ഞങ്ങളുടെ പുതിയ വീട് അങ്ങനെ പലതും. പക്ഷെ വൈകാതെ എനിക്കതു മടുപ്പായി തുടങ്ങി, അധികം വൈകാതെ അതൊരു ശാപമാണെന്നും ഞാന്‍ മനസ്സിലാക്കി. എന്നാലും സ്വപ്നങ്ങള്‍ എഴുതാതിരിക്കാന്‍ എനിക്കു കഴിയുമായിരുന്നില്ല.
നിങ്ങള്‍ക്കറിയുമോ? എന്റെ അമ്മയുടെ മരണത്തിന് ഒരു കൊല്ലത്തോളമാണ് ഞാന്‍ കാവലിരുന്നത്. അമ്മയുടെ മരണം സ്വപ്നം കണ്ട ദിവസം ഞാനൊരുപാടു കരഞ്ഞു. അന്നാണ് തൂക്കുമരം കാത്തുകിടക്കുന്ന ഒരു തടവുപുള്ളിയേപ്പോലെയാണ് ഞാന്‍ എന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. നല്ലതോ ചീത്തയോ, അനിവാര്യമായ വിധി എനിക്കെപ്പോഴും അറിയാമായിരുന്നു അത് ഏതുവഴി വരുമെന്ന് ഒരു ഊഹവുമില്ലാതെ ദുര്‍ബലനും നിസ്സഹായനുമായി ഞാന്‍ കാത്തിരിക്കുകയായിരുന്നു. ചിലപ്പോള്‍ സന്തോഷിച്ചും ചിലപ്പോള്‍ അതിലേറെ ദുഖിച്ചും.
കോണിപ്പടിയില്‍ നിന്നുവീണാണ് അമ്മ മരിച്ചത്. അന്നു ഞാന്‍ ഓഫീസില്‍ പോയിരുന്നു, ഓഫീസില്‍ ഞാന്‍ രാവിലെ മുതല്‍ അമ്മയുടെ മരണവാര്‍ത്തയുടെ ഫോണിനായിക്കാത്തിരുന്നു. ഒരു പക്ഷെ വീട്ടില്‍ ഞാന്‍ കൂടെ ഉണ്ടായിരുന്നുവെങ്കില്‍ അമ്മ മരിക്കില്ലായിരുന്നുവോ എന്നു ഞാന്‍ ചിന്തിച്ചിട്ടുണ്ട്. പക്ഷേ അങ്ങനെ ചിന്തിക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ, അങ്ങനെയാണെങ്കില്‍ ഞാന്‍ കണ്ടതൊക്കെ തെറ്റാകുമായിരുന്നില്ലേ? അങ്ങനെ ആകാന്‍ കഴിയില്ലല്ലോ.
പിന്നീടൊരുപാടുകാലം സ്വപ്നങ്ങള്‍ എന്നെ വല്ലാതെ ദുഖിപ്പിച്ചില്ല. ജോലിയും വിവാഹവുമൊക്കെയായി ഞാനും ജീവിതത്തിന്റെ തിരക്കുകളിലേക്ക് ഊളിയിട്ടു. പിന്നീടെപ്പോഴോ കഴിഞ്ഞ വര്‍ഷങ്ങളില്‍ കാണുന്ന സ്വപ്നങ്ങള്‍ മുഴുവന്‍ എന്റെ ഭാര്യയെക്കുറിച്ചു മാത്രമായപ്പോഴും ഞാനതത്ര കാര്യമായി എടുത്തില്ല. എന്റെ സ്വപ്നങ്ങളിലേക്ക് നിങ്ങള്‍ കടന്നു വരുന്നതു വരെ.
നിങ്ങള്‍ക്കു മറക്കാനാകില്ലെന്ന് എനിക്കറിയാം, മാപ്പും തരാനാകില്ല. അന്നു നിങ്ങളുടെ കമ്പനി പാര്‍ട്ടിയില്‍ വച്ചു ഞാന്‍ നിങ്ങളെ കാരണമില്ലാതെ തല്ലി. നിങ്ങള്‍ എന്നെ ആദ്യമായി കാണുകയായിരുന്നു. പക്ഷെ ഞാന്‍ ആയിടെ കണ്ടുകൊണ്ടിരുന്ന സ്വപ്നങ്ങളൊക്കെ നിങ്ങളെക്കുറിച്ചായിരുന്നു. നിങ്ങളും എന്റെ ഭാര്യയും കൂടെ വേഴ്ചയിലേര്‍പ്പെടുന്നതു ഞാന്‍ കണ്ടു, പലവട്ടം. എന്റെ കൂടെ ഒരിക്കല്‍പോലും അവളത്ര ഉന്മത്തയായി ഞാന്‍ കണ്ടിട്ടില്ല. തെറ്റെന്റേതാണ്, നിങ്ങളെ അന്ന് ആദ്യമായി കണ്ടപ്പോള്‍, നിങ്ങള്‍ രണ്ടുപേരും ഒരേ ഓഫീസിലാണെന്ന് അറിഞ്ഞപ്പോള്‍, എനിക്കെന്നെ നിയന്ത്രിക്കാനായില്ല.
പക്ഷെ അതു മാത്രമായിരുന്നില്ല എന്റെ തെറ്റ്. അക്കാലം മുതല്‍ ഇന്നുവരെ ഞാന്‍ കാണുന്ന സ്വപ്നങ്ങള്‍ നിങ്ങളെക്കുറിച്ച് മാത്രമായതിന്റെ പൊരുള്‍ എനിക്കു മനസ്സിലായത് വളരെ വൈകിയാണ്. അവളുടെ കാഴ്ചശക്തി പതുക്കെ നഷ്ടപ്പെടുകയാണെന്ന് ഡോക്ടര്‍ പറഞ്ഞ അന്ന്, ഞാന്‍ ഈയ്യിടെ കാണുന്ന സ്വപ്നങ്ങള്‍ മുഴുവന്‍ അവളുടേതാണെന്ന് മനസ്സിലാക്കിയ അന്ന് ഞാനൊത്തിരി കരഞ്ഞു. അന്ന് കാലങ്ങള്‍ക്കു ശേഷം ഞാന്‍ എന്റെ ഡയറികള്‍ വായിച്ചു. അതിലുണ്ടായിരുന്നു സുഹൃത്തേ, എനിക്കു മരിക്കേണ്ട ദിവസം, എന്റെ കണ്ണുകള്‍കൊണ്ട് ഞാനവള്‍ക്കു കാഴ്ച തിരികെ കൊടുക്കുന്ന ദിവസം.
ഞാന്‍ ഒന്നു പറഞ്ഞോട്ടെ, എനിക്കസൂയയാണ് നിങ്ങളെ. എനിക്കറിയാം നിങ്ങള്‍ക്ക് അവളെ ഇഷ്ടമാണ്, അങ്ങനെ ആയല്ലേ പറ്റൂ??
സത്യം പറഞ്ഞാല്‍ നിങ്ങളെ ഞാന്‍ കാത്തിരിക്കുകയായിരുന്നു. നിങ്ങള്‍ വരുമെന്നെനിക്കറിയാമായിരുന്നു. ഈ ജനാലയിലൂടെ ഒരു അപ്പൂപ്പന്താടി പോലെ പറക്കുന്ന എന്നെ ഞാന്‍ കണ്ടിട്ടുണ്ട്. എനിക്കു പകരം നിങ്ങളെ ഇതിലൂടെ പറത്തിവിട്ട് അവള്‍ക്കു കാഴ്ച സമ്പാദിച്ചു കൊടുക്കാന്‍ എനിക്കൊരു പക്ഷെ കഴിഞ്ഞേക്കും.
പക്ഷേ അങ്ങനെ ചിന്തിക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ, അങ്ങനെയാണെങ്കില്‍ ഞാന്‍ കണ്ടതൊക്കെ തെറ്റാകുമായിരുന്നില്ലേ? അങ്ങനെ ആകാന്‍ കഴിയില്ലല്ലോ?
അതാണ് ഞാന്‍ പറയുന്നത്, നിങ്ങളാണ് അതു ചെയ്യേണ്ടത്.
അതെ, ഈ ജനാലയിലൂടെ എന്നെ പുറത്തേക്ക് എറിയേണ്ടത് നിങ്ങള്‍ തന്നെയാണ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
47 അഭിപ്രായങ്ങൾ:
പാര്‍ക്കിലോ ബീച്ചിലോ ഒരപരിചതനെ കണ്ടുമുട്ടുമ്പോള്‍, ആയാളെ മുന്പെവിടെയോ കണ്ടിട്ടുണ്ടെന്ന് ഒരിക്കലെങ്കിലും നിങ്ങള്‍ക്കു തോന്നിയിട്ടുണ്ടോ?
ആ വഴി ഈ വഴി പോയി അവസാനം കൊണ്ടു ചെന്നെത്തിച്ചത് മറ്റൊരിടത്ത്
"ഞാന്‍ ഈയ്യിടെ കാണുന്ന സ്വപ്നങ്ങള്‍ മുഴുവന്‍ അവളുടേതാണെന്ന് മനസ്സിലാക്കിയ അന്ന് ഞാനൊത്തിരി കരഞ്ഞു"
ഇവിടെയെത്തിയപ്പോഴേക്കും എക്സൈറ്റഡ് ആയിപ്പോയി....
വളരെ നന്നായി അവതരണം....
ബാഗൂരില്‍ നിന്നും ബസ്സില്‍ വരുമ്പോഴുള്ള ചുംബനം ഒരു ക്ലീഷേ ആയില്ലേ എന്നു സംശയം...
എന്നാലും ആകെ മൊത്തത്തില്‍ ഇഷ്ടമായി
iiyite aayi buloka kathakaL sundhramaaya swapnangaLuTe piTiyilaaNallo. very good!
വളരെ വ്യത്യസ്തതയുള്ള കഥ .നന്നായിരിക്കുന്നു.ആശംസകള്‍.
വളരെ വ്യത്യസ്തതയുള്ള നല്ലൊരു കഥ, മാഷേ
വളരെ വ്യത്യസ്തം തന്നെ. ഇഷ്ടമായി ചങ്കൂ
പിന്നെ, തുടക്കത്തിലെ രണ്ട് സ്പെല്ലിംഗ് മിസ്റ്റേക്കുകൾ കണ്ട് പിടിച്ചിട്ടുണ്ട്. അതിന്റെ കൂലി ഇങ്ങോട്ട് അയച്ചേര്..:)
“..എന്റെ കൈവിരളുകളെ..”
“കോറിഡോറിന്റെ ഒരത്തെ..”
സത്യം പറഞ്ഞാല്‍ നിങ്ങളെ ഞാന്‍ കാത്തിരിക്കുകയായിരുന്നു. നിങ്ങള്‍ വരുമെന്നെനിക്കറിയാമായിരുന്നു. ഈ ജനാലയിലൂടെ ഒരു അപ്പൂപ്പന്താടി പോലെ പറക്കുന്ന എന്നെ ഞാന്‍ കണ്ടിട്ടുണ്ട്. എനിക്കു പകരം നിങ്ങളെ ഇതിലൂടെ പറത്തിവിട്ട് അവള്‍ക്കു കാഴ്ച സമ്പാദിച്ചു കൊടുക്കാന്‍ എനിക്കൊരു പക്ഷെ കഴിഞ്ഞേക്കും.
കൊള്ളാം നല്ല ഒഴുക്കുള്ള രചനശൈലി.
എല്ലാരും പറഞ്ഞില്ലെ.. ഇനീം പറഞ്ഞാൽ ചങ്കരനു ചൊറിയും.. ഹഹ.. അടിപൊളി...
മാഷെ ഇതില്‍ ആത്മകഥാപരമായ എന്തെങ്കിലും അംശം ഉണ്ടോ , എനിക്ക് ഇങ്ങനെ ചില പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട് , ചില സ്വപ്നങള് അച്ചട്ടായി സംഭവിക്കുന്നു , ചിലവ ചുമ്മാ ടെന്‍ഷന്‍ അടിപ്പിക്കാന്‍ വേണ്ടി മാത്രം , നിങ്ങള്‍ കഥയില്‍ പറയുമ്പോലെ ചിലതിനെ പേടിച്ചു കാത്തിരിക്കേണ്ട അവസ്ഥ ഉണ്ടാകാറുണ്ട് .. അവതരണം എനിക്ക് വളരെ ഇഷ്ടമായി
ചങ്കരാ,
ചക്കിക്കൊത്ത ചങ്കരന് തന്നെ..സമ്മതിച്ചു!
ഹമ്മോ..അവതരണം കിടു..ഒരു സ്വപ്നം പോലെ തന്നെ വായിച്ചു...:)
ചങ്കരന്,
മികവുറ്റ കഥ, അവതരണ ശൈലിയും മികച്ചത്......
അഭിനന്ദനങ്ങള്‍.....
ശ്രീഹരി, ജിതേന്ദ്രജി, പ്രയാന്‍, ശ്രീ നന്ദി.
പൊറാടത്ത് മാഷ് (അങ്ങനെ വിളിപ്പിച്ചു :)) നന്ദി , ശരിയാക്കിയിട്ടുണ്ട്. കൂലി ഞാന്‍ മാഷുടെ പറ്റില് എഴുതിയിട്ടുണ്ട്. ഒരുമിച്ചു തരാം.
അനൂപ്, പകല്‍കിനാവന്‍ നന്ദി.
ശാരദ നിലാവ് നന്ദി, അയ്യോ ആത്മകഥാംശം ഒന്നുമില്ല.
തണല്‍ നന്ദി, ചക്കിയുടെ അഡ്രസ്സ് :)
റോസ്,ചാണക്യന് നന്ദി നന്ദി
ചങ്കര ,നീ പറഞ്ഞതെല്ലാം സത്യമാണെങ്കില്‍ ,അല്ല അത് സത്യമായി തന്നെ ഇരിക്കട്ടെ .നീ എന്നെ വല്ലാത്ത ഒരു ലോകത്തേക്ക് കൂട്ടികൊണ്ട്പോകുന്നു . നിനക്ക് മാത്രമായുള്ള ആ ഭ്രാന്തന് ലോകത്തേക്ക് എന്നെകൂടി കൂട്ടികൊണ്ട് പോകൂ ചങ്കര :)
Time Traveler's Wife എന്ന നോവലിനെ ഓര്‍മ്മിപ്പിച്ചു ഈ കഥ. :-)
കൊണ്ടു പോകാമല്ലോ കാപ്പില്‍ മുതലാളീ,
ഒരു നയന്റി സ്മിര്നോഫെടുത്തിട്ട് അതിലേക്ക് ഒരു അര നാരങ്ങ പിഴിഞ്ഞുമ്മച്ചേച്ച്, ദേ ഒരു സോഡാ ഇങ്ങനെ ചീറ്റിച്ചു ചാടിക്കുക..., ഏതു ലോകത്തു പോണമെന്നു പറ!
നന്ദി ബിന്ദു, അവരൊക്കെ പുലികളല്ലേ, നുമ്മള് ഒരു പുഴു. പിന്നെ ഞാനും ഫിക്ഷനുകളുടെ ഒരു ആരാധകനാണ് കേട്ടോ.
ചങ്കരാാാാാാ...
ഇതെന്തിര്!!!
എന്റമ്മോാ!!!
കൊള്ളാട്ടോ..എന്തൊരു ഭാവന!!!
അവതരണ ശൈലി... അസൂയ തോന്നുന്നു.
nannayirikkunnu
ഹാവൂ... ചുമ്മാ അഗ്രിഗേടരില്‍ കണ്ട ലിന്കില് ക്ളിക്കിയപ്പം ഇത്രേം പ്രതീക്ഷിച്ചില്ല ട്ടോ.. കലക്കന്‍ കഥയല്ലേ... ഇതൊക്കെ ശരിക്കും അച്ചടിച്ചു വരേണ്ടതാ...
വീണ്ടും പറയട്ടെ, നന്നായിട്ടുണ്ട്.ഹാവൂ... ചുമ്മാ അഗ്രിഗേടരില്‍ കണ്ട ലിന്കില് ക്ളിക്കിയപ്പം ഇത്രേം പ്രതീക്ഷിച്ചില്ല ട്ടോ.. കലക്കന്‍ കഥയല്ലേ... ഇതൊക്കെ ശരിക്കും അച്ചടിച്ചു വരേണ്ടതാ...
വീണ്ടും പറയട്ടെ, നന്നായിട്ടുണ്ട്.
നല്ല കഥ..മനസ്സിനെ കലുഷമാക്കുവാന്‍ കഴിയുന്ന എന്തോ ...
ആശംസകള്‍
ഹരീഷ്, കെ കെ എസ്, ജ്വാല നന്ദി.
ആര്യാ, കുളിരു കോരുന്നു :) നന്ദി.
ഒരു ക്ലാസ്സിക്!!!
ചങ്കരന് ടച്ച്
ചില കാത്തരിപ്പുകളുടെ ചിന്തകള്‍!!
ചങ്കരവായന ആദ്യമായിട്ടാണ് .ആവേശം കൊണ്ട്, ഇട്ട പോസ്റ്റുകളെല്ലാം പരതി. പലതുകൊണ്ടും സുന്ദരങ്ങളായ ഈ രചനകളെകുറിച്ച് ഒരുപാടു പറയാനുണ്ട്. പക്ഷേ ഇപ്പോള്‍ , താങ്കളുടെ അടുത്ത പോസ്റ്റ് കാത്തിരിക്കുന്ന ഒരാള്‍ കൂടെ ഉണ്ടെന്നുമാത്രം ഓര്‍മ്മപ്പെടുത്തുന്നു
ചങ്കരാാ നന്നായിട്ടുണ്ട്...
ജിതേന്ദ്രന് പറഞ്ഞതുപോലെ ബ്ലോഗില്‍ മൊത്തം ദേഴാവൂ കിടന്നു കറങ്ങുന്നല്ലോ :)
മനോഹരമായിരിക്കുന്നു നല്ല വായന സുഖം തരുന്നു
ആശംസകള്‍
ചെമ്മുസാര് മികപ്പെരിയ നന്ദി.
സമാന്തരാ നന്ദി, കുളിരുകോരുന്നു പിന്നെയും.
ഗുപ്തരേ നന്ദി, ദേഴാവു വായിച്ച് ഇഷ്ടപ്പെട്ടിരുന്നു. സ്വാധീനിച്ചു കാണണം :).
പാവപ്പെട്ടവന് നന്ദി
really touching...
ഒരുപാടിഷ്ടപ്പെട്ടു.
ഒരു മായാലോകത്തിന്റെ കോറിഡോറിലിരുന്നാണ് വായിച്ചു മുഴുമിപ്പിച്ചത്.
ഇതുപോലുള്ള സ്വപ്നങ്ങള്‍ സംഭവിയ്ക്കുമെന്ന്.. എപ്പോഴൊക്കെയോ...ഞാനും.
:)
സ്റ്റൈലന്‍ അവതരണം.
അയാര്ത്ഥമെന്നു സാമാന്യബുദ്ധിക്കു തോന്നുന്ന കാര്യങ്ങള്‍ മികച്ച കഥാപറച്ചിലൂടെ വിശ്വസനീയമായ തലത്തിലേക്ക് ഉയര്‍ത്തുന്നിടത്ത് കഥാകാരന് വിജയിക്കുന്നു.ഇഷ്ടായി.
ഇഷ്ടായീട്ടോ കഥ.
Wow its a superb short story...the climax was too good and the story had the right amount of suspense too...eagerly looking forward for more stories
നല്ല കഥ..... ഇഷ്ടമായി...
ചങ്കരന് ജീ...തുടക്കം കണ്ടപ്പോള്‍ പ്റതീക്ഷിച്ചിടത്തല്ല ലാണ്റ്റ് ചെയ്തത്. നന്നായിരിക്കുന്നു.
ഗംഭീരമെന്ന് പറഞ്ഞോട്ടെ
ഈ കഥയുടെ ഭാവനയും അവതരണവും
സ്മിത, ചന്ദ്രകാന്തം, മുസാഫിര്‍ നന്ദി.
Sakshi thank you.
പാവത്താന്‍, തെന്നാലീ, കനല് നന്ദി.
ചങ്കരാ, മാര്‍ച്ചിന്റെ തിരക്കിനിടയില്‍ വായിക്കാന്‍ അല്പം വൈകി. വളരെ ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങള്‍
ഒരു കമന്റിന്റെ ചുവടു പിടിച്ചാണ് ഇവിടെ വരുന്നത്...
ഗംഭീരം മാഷേ...നല്ല ഒഴുക്കുള്ള ഭാഷ....
"പ്രഭാതങ്ങളില്‍ അലിഞ്ഞില്ലാതാകുന്ന സ്വപ്നങ്ങളുടെ ഓര്‍മ്മപ്പാളികള്‍ ഞാന്‍ ഡയറിയിലേക്ക് പതിച്ചു വച്ചു. ഉറക്കം വിട്ടെഴുനേല്‍ക്കുമ്പോള്‍ മനസ്സില്‍ നിന്നു പതുക്കെ മാഞ്ഞുപോകുന്ന ചില ഫ്രെയ്മുകള് മാത്രമായിരുന്നു അവ. നിങ്ങള്‍ എന്നെ നുണയനെന്നു വിളിച്ചുകൊള്ളൂ, പക്ഷെ അവയെല്ലാം ഒരു പ്രത്യേക പാറ്റേണില്‍ എന്റെ ജീവിതത്തില്‍ സംഭവിക്കുന്നതായി ഞാനറിഞ്ഞു."
ഈ വരികൾക്ക് എന്തൊരു മിഴിവ്....
നന്ദി...
"സ്വപ്നാടനങ്ങള്‍"
നന്നായിട്ടുണ്ട്...*
കഥ ഒരു പാട് ഇഷ്ടമായി.
ഇവിടെ വായന ആദ്യമായിട്ടാണ്.
സോ മറ്റുള്ളതും വായിക്കേണ്ടി വന്നു.
നല്ല കഥ.
ചങ്കരാ..
ഭ്രമാത്മകലോകം സൃഷ്ടിക്കുന്നതാണ് ചങ്കരന്റെ ഒരു ശൈലി, അല്ലേ? ആല്‍ത്തറയിലെ മുള്ളുകളും വായിച്ചു.
നന്നായിരിക്കുന്നു. വേറിട്ടൊരു ശൈലി ഈ ബൂലോകത്തുണ്ടാവട്ടെ...
ആശംസകളോടെ , ദുര്‍ഗ്ഗ!
സുശീലേട്ടാ, വായിച്ചൂലോ അതുമതി. നന്ദി.
വേറിട്ട ശബ്ദം, ഇടമണ്‍, സിജി, ചിതല് നന്ദി.
ദുര്‍ഗ്ഗ നന്ദി. അങ്ങനെയൊന്നും ഇല്ലകേട്ടോ .. ചുമ്മാ എന്തൊക്കെയോ എഴുതുന്നു എന്നു മാത്രം :)
സുഹൃത്തേ,
ഈ ശൈലി എന്നെ വല്ലാതെ ഉലച്ചു കളഞ്ഞു. എത്ര പറഞ്ഞാലും... എന്ത് തന്നെ പറഞ്ഞാലും മതിയാകുന്നില്ല...
ഗഭീരം...
ഈ ശൈലിയൊന്നു കോപ്പിയടിച്ചാലോ... മാഷേ കുഴപ്പമാകുമോ?
ഇത്തരം സൃഷ്ടികള്‍ ഇനിയും പ്രതീക്ഷിയ്ക്കുന്നു.
അളിയാ.. സൂപ്പർ ,, കിടിലൻ,, ഹമ്മൊ പുലിയാൺ കെട്ട..പുപ്പുലി.. ഇഷ്ടായി ഒരു പാട്..
a classic touch.... very nice mashee..
നല്ല ഒഴുക്കുള്ള കഥ.
മനുഷ്യമനസ്സും സ്വപ്നങ്ങളുമായുള്ള അഭേദ്യമായ ബന്ധങ്ങൾ..... ചിന്തകൾ ഉറക്കത്തിൽ സ്വപ്നങ്ങളായെത്തുന്നത്....... ചില സ്വപ്നങ്ങൾ യാഥാർഥ്യമാകുന്നത്....എല്ലാം കോർത്തിണക്കി മനോഹരമായി ഒരുക്കിയ ഒരു കഥ! അഭിനന്ദനങ്ങൾ.
ഒരിക്കലും പോയിട്ടില്ലാത്ത ഒരു നഗരത്തിലെ വഴികളിലൂടെ നടക്കുമ്പോള്‍, ഞാന്‍ ഇതുവഴി മുന്‍പു വന്നിട്ടുണ്ടല്ലോ എന്നു നിങ്ങള്‍ക്കു എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?
തോന്നിയിട്ടുണ്ട്... അതുകൊണ്ടു തന്നെയാണല്ലോ ഈ കഥയും ഞാൻ ഒരു അൽഭുതത്തോടെ വായിച്ചു തീർത്തത്...ചങ്കരാ ... ഒരു നല്ല എഴുത്തുകാരനെ കാണുന്നു താങ്കളിൽ ആശംസകൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ